രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിത്തെറിച്ചു; ജപ്പാനിലെ വിമാനത്താവളം അടച്ചു

അപകടത്തെ തുടര്‍ന്ന് 87 വിമാനങ്ങൾ റദ്ദാക്കി.

dot image

ടോക്കിയോ: രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് ജപ്പാനിലെ വിമാനത്താവളം അടച്ചു. തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് 87 വിമാനങ്ങൾ റദ്ദാക്കി. റിപ്പോര്‍ട്ടുകൾ അനുസരിച്ച്, സ്‌ഫോടനത്തെത്തുടര്‍ന്ന് ടാക്‌സിവേയില്‍ ഏഴ് മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടിട്ടുണ്ട്.

സെൽഫ് ഡിഫൻസ് ഫോഴ്‌സും പൊലീസും നടത്തിയ അന്വേഷണത്തിൽ യുഎസ് ബോംബാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെട്ടെന്നുള്ള സ്‌ഫോടനത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണ്.

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുകയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഹിമാസ ഹയാഷി അറിയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക നിക്ഷേപിച്ച ബോംബാണ് പൊട്ടിയതെന്നും വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതയിരിക്കാമെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധസമയത്ത് യുഎസ് സൈന്യം വർഷിച്ച പൊട്ടാത്ത നിരവധി ബോംബുകൾ പ്രദേശത്ത് കണ്ടെത്തിയതായും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. 2009ലും 2011ലും ഇത്തരത്തിലുളള സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ൽ ഒരു ടൺ ഭാരമുള്ള 2,348 ബോംബുകൾ നീക്കം ചെയ്തതായി സെൽഫ് ഡിഫൻസ് ഫോഴ്‌സ് പറഞ്ഞു.

dot image
To advertise here,contact us
dot image