ജെഫ് ബെസോസിനെ പിന്തള്ളി; ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

256 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമത്.

dot image

ന്യൂയോര്‍ക്ക്: ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മെറ്റ സി ഇ ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് സക്കര്‍ബര്‍ഗിനെ നേട്ടത്തിന് അര്‍ഹനാക്കിയത്. ബ്ലൂംബെര്‍ഗ് സൂചിക അനുസരിച്ച് 206.2 ശതകോടി ഡോളറാണ് മെറ്റ മേധാവിയുടെ ആസ്തി. ജെഫ് ബെസോസിന്റേതാകട്ടെ 202.8 ശതകോടി ഡോളറും. 256 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമത്.

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മെറ്റ ഓഹരികള്‍ 23 ശതമാനം വളര്‍ച്ച നേടിയിരുന്നു. എ ഐ ചാറ്റ്‌ബോട്ടുകളില്‍ കൂടുതല്‍ ഭാഷാ മോഡലുകള്‍ അവതരിപ്പിച്ചതോടെ മെറ്റ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യത കൂടിയിട്ടുണ്ട്. ഇത് മെറ്റയുടെ ഓഹരികളിലും പ്രതിഫലിച്ചു. വ്യാഴാഴ്ച സര്‍വകാല റെക്കോര്‍ഡായ 582.77 ഡോളറിലാണ് മെറ്റ വ്യാപാരം അവസാനിപ്പിച്ചത്.

സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും മെറ്റയിലെ 13% ഓഹരിയാണ്. ഏകദേശം 345.5 ദശലക്ഷം ഓഹരികളാണ് അദ്ദേഹം കൈവശംവെച്ചിരിക്കുന്നത്. ഈ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ വരുമാനം കുതിച്ചുയര്‍ന്നത് 71.8 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധ്യതയുള്ള സമ്പന്നരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം ഒന്നാമതാണ്.

dot image
To advertise here,contact us
dot image