വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് വേണ്ടി വോട്ട് ചോദിച്ച് ഇലോണ്‍ മസ്‌ക്. പെന്‍സില്‍വാനിയയിലെ ബട്ട്‌ലറിലെ തിരഞ്ഞെടുപ്പ് വേദിയിലാണ് ഇലോണ്‍ മസ്‌ക് ട്രംപിന് പരസ്യ പിന്തുണയുമായി എത്തിയത്. ട്രംപിനുള്ള പിന്തുണ ഇലോണ്‍ മസ്‌ക് മുന്‍പ് പലതവണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ക്യാംപെയിനില്‍ മസ്‌ക് എത്തുന്നത്.
മുന്‍പ് വെടിയേറ്റ അതേ വേദിയില്‍ വെച്ചായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. ട്രംപ് തന്നെയാണ് മസ്‌കിനെ വേദിയിലേക്ക് ക്ഷണിച്ചത്. ട്രംപ് അനുകൂലികള്‍ക്കിടയിലൂടെ തുള്ളിച്ചാടി കൈവീശി ഇലോണ്‍ മസ്‌ക് വേദിയിലെത്തി. ട്രംപിന് കൈകൊടുത്ത് പരസ്പരം ആശ്ലേഷിച്ചാണ് മസ്‌ക് സംസാരിച്ച് തുടങ്ങിയത്. ട്രംപിനെ പുകഴ്ത്തിയും പ്രസിഡന്റ് ജോ ബൈഡനെ ഇകഴ്ത്തിയുമായിരുന്നു മസ്‌കിന്റെ പ്രസംഗം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിമാനത്തിന്റെ സ്റ്റെപ് പോലും കയറാന്‍ കഴിവില്ലാത്ത ആളാണെന്ന് പരിഹസിച്ച മസ്‌ക് എന്നാൽ വെടിയേറ്റാലും മുഷ്ടി ചുരുട്ടി വിജയം നേടുന്നയാളാണ് ട്രംപെന്നും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാല്‍ അവസാന തിരഞ്ഞെടുപ്പാകും. അമേരിക്കയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ട്രംപിന്റെ വിജയം അനിവാര്യമാണെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
Content highlights- elon musk joins donald trumps election rally and ask vote for him