'ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്നതൊന്നും ചെയ്യില്ല'; മാലദ്വീപ് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചയ്ക്ക് ഡൽഹിയിൽ

'അയൽരാജ്യത്തോടും സുഹൃത്തുക്കളോടുമുള്ള ബഹുമാനം ഞങ്ങളുടെ ഡിഎൻഎയിൽ ഉള്ളതാണ്'

dot image

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യ - മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മുയ്സു ഡൽഹിയിലെത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുയ്സു ഡൽഹിയിൽ പറഞ്ഞു.

ഇന്ത്യ എല്ലായിപ്പോഴും നല്ല സുഹൃത്തും പങ്കാളിയുമായിരിക്കുമെന്നും പ്രതിരോധമുൾപ്പെടെയുള്ള എല്ലാ മേഖലകളിലും എപ്പോഴും മുൻഗണന നൽകുമെന്നും മുയ്സു കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചകൾക്കായാണ് മുയ്സു ഡൽഹിയിലെത്തിയത്. നേരത്തെ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ മുയ്സുവും പങ്കെടുത്തിരുന്നു.

മുയ്സു ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും.

'ഇന്ത്യയുടെ സുരക്ഷയെ തകർക്കുന്ന ഒന്നും മാലദ്വീപ് ചെയ്യില്ല. വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായി മാലദ്വീപ് സഹകരണം വർദ്ധിപ്പിക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്' - ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുയ്സു പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെയാണ് മുയ്സുവിന്റെ വാക്കുകൾ. 'അയൽരാജ്യത്തോടും സുഹൃത്തുക്കളോടുമുള്ള ബഹുമാനം ഞങ്ങളുടെ ഡിഎൻഎയിൽ ഉള്ളതാണ്. ഇന്ത്യ ​ഗുണപരമായ സംഭാവനയാണ് നടത്തുന്നത്… ഇന്ത്യൻ വിനോദ സഞ്ചാരികളെ സ്വാ​ഗതം ചെയ്യുന്നു' - മുയ്സു പറഞ്ഞു.

മാലദ്വീപ് മന്ത്രിയുടെ നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. മാലദ്വീപിന്റെ ഏറ്റവും വലിയ വരുമാനമാർ​ഗമായ ടൂറിസം മേഖലയെ ഇത് ബാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ ഇടയാക്കിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദ‍ർശനം മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയുനയുടെ പരാമ‍ർശം.

ഇതിന് പിന്നാലെ ഇന്ത്യക്കാ‍ർ കൂട്ടത്തോടെ മാലദ്വീപിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് നിരവധി കോണുകളിൽ നിന്ന് ആ​ഹ്വാനം ചെയ്തിരുന്നു. സംഭവത്തിൽ മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തിരുന്നു. ഈ മന്ത്രിമാ‍ർ സർക്കാരിൽ നിന്ന് രാജിവച്ച അതേ ദിവസത്തിലാണ് മാലദ്വീപ് പ്രസിഡൻ്റിന്റെ ഇന്ത്യയിലേക്കുളള സന്ദർശന വിവരം പുറത്ത് വിടുന്നത്.

മാലദ്വീപ് ഭരണാധികാരികൾ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്ന രാജ്യം ഇന്ത്യയായിരുന്നു. ഈ കീഴ്‌വഴക്കവും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തെറ്റിച്ചിരുന്നു. യുഎഇ സന്ദർശനത്തിന് പിന്നാലെ ചൈനയിലേക്കാണ് മുയിസു പോയത്. ചൈനയുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുകളുണ്ടാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം മാലദ്വീപിന് അനിവാര്യമാണ്. മുൻപ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പ മാലിദ്വീപ് സ്വീകരിച്ചിരുന്നു.

Content Highlight: Diplomatic U-turn, ushers priority Maldives President in India for bilateral discussion

dot image
To advertise here,contact us
dot image