ഗസ സിറ്റി: 'കഴിയുമായിരുന്നെങ്കിൽ, ഈ യുദ്ധമുഖത്തേക്ക് ഒരു കുഞ്ഞിന് ജന്മം നൽകുമായിരുന്നില്ല...', സെൻട്രൽ ഗസ മുനമ്പിലെ ദേർ അൽ-ബാലയിലെ അഭയാർത്ഥി ക്യാമ്പിൽ ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ റാണ സലാഹെന്ന അമ്മയുടെ നോവാണിത്. തന്റെ കുഞ്ഞിനെ വേണ്ട വിതം പരിലാളിക്കാനോ ആവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഇവർക്ക് കഴിയുന്നില്ല. ഇതാണ് ഗസ, ഇങ്ങനെയൊക്കെയാണ് ഗസയിലെ സ്ത്രീകൾ ജീവിതം തള്ളിനീക്കുന്നത്.
2023 ൽ ആരംഭിച്ച ഗസ- ഇസ്രയേൽ സംഘർഷം ഒരു ജനതയെയാകെ ശ്വാസംമുട്ടിക്കുകയാണ്. ഏറ്റവും കഷ്ടപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണെമന്നതിൽ തർക്കമില്ല. അതിൽ തന്നെ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ് നന്നേ കഷ്ടപ്പെടുന്നത്.
ഒരു മാസം പ്രായമായ മകൾ മിലാനയെ മടിയിൽ വച്ച് തന്റെ കുഞ്ഞിന് യുദ്ധത്തിന്റെ മരണമുഖത്തേക്ക് ജന്മം നൽകിയതിന്റെ കുറ്റബോധത്തിലാണ് റാണ സലാഹ് വിങ്ങിപ്പൊട്ടുന്നത്. 'എനിക്ക് തീരുമാനിക്കാൻ കഴിയുമായിരുന്നുവെങ്കിൽ യുദ്ധസമയത്ത് ഞാൻ ഗർഭിണിയാകുകയോ പ്രസവിക്കുകയോ ചെയ്യുമായിരുന്നില്ല, കാരണം ഇവിടെ ജീവിതം തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ ഈ ജീവിതം മുമ്പൊരിക്കലും ജീവിച്ചിട്ടില്ല'
'മുമ്പ് രണ്ട് തവണ ഞാൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. അന്ന് ജീവിതം ഇതിലും മെച്ചപ്പെട്ടതായിരുന്നു. ഇപ്പോഴത്തേതിലും മെച്ചപ്പെട്ട ജീവിതം അർഹിക്കുന്നുണ്ടെന്നതിനാൽ എനിക്ക് എന്നോടും കുഞ്ഞിനോടും തെറ്റ് ചെയ്തതായാണ് ഇപ്പോൾ തോനുന്നത്'; റാണ പറയുന്നു.
ഒരു ആശുപത്രി ടെന്റിലാണ് റാണ സലാഹ്, മിലാനയ്ക്ക് ജന്മം നൽകിയത്. സംഘർഷം നിലനിൽക്കുന്നതിനാൽ ഈ കുടുംബത്തിന് ഇതുവരെയും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. പകരം ഒരു ടെന്റിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന് പേപ്പറുകൊണ്ട് വീശിക്കൊടുക്കുന്ന റാണ ഈ കൊടും ചൂട് കുഞ്ഞിന് കേടാണെന്ന് ആശങ്കപ്പെടുകയാണ്. 'വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഞങ്ങൾ ടെന്റുകളിൽ നിന്ന് ടെന്റുകളിലേക്ക് മാറുകയാണ്. ഇവിടെയെല്ലാം വെള്ളം മലിനമാണ്. അസുഖങ്ങൾ പടർന്ന് പിടിക്കുകയാണ്' എന്നും അവർ പറയുന്നു.
ഗസയിൽ പ്രസവാനന്തര സേവനങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നാണ് ലോകാരോഗ്യസംഘടന അറിയിക്കുന്നത്. നവജാത ശിശുക്കൾ പോഷകാഹാരക്കുറവ് നേരിടുന്നു. മുലപ്പാലൂട്ടാൻ കഴിയാത്ത അമ്മമാരുടെ മക്കളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മുലപ്പാൽ കിട്ടാൻ ഗസയിൽ മറ്റ് മാർഗങ്ങളുമില്ല. കുട്ടികളുമായി ടെന്റുകളിൽ നിന്ന് ടെന്റുകളിലേക്ക് നിരന്തരമായി യാത്ര ചെയ്യേണ്ടി വരുന്നതും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
തന്റെ കുഞ്ഞിന് ഡയപ്പറോ പാലോ വാങ്ങാനുള്ള പണമില്ലെന്ന് വേദനിക്കുന്ന അമ്മമാരും ഇവിടുത്തെ അഭയാർത്ഥി ക്യാമ്പുകളിലുണ്ട്. സംഘർഷത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട ഗർഭിണിയായ മനാർ അബു ജറാദ് സെപ്റ്റംബർ നാലിന് ഒരു കുഞ്ഞിന് ജന്മം നൽകി. സിസേറിയനായിരുന്നു മനാറിന്റെ പ്രസവം. ഭർത്താവ് നഷ്ടപ്പെട്ട താൻ സിറേയൻ കഴിഞ്ഞാൽ തന്റെ മറ്റ് കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്നായിരുന്നു അവരുടെ ആദി. ഒരു ബക്കറ്റ് വെള്ളം പോലും എടുക്കാൻ അവർക്ക് മറ്റാരുമൊപ്പമുണ്ടായിരുന്നില്ല. അഭയാർത്ഥി ക്യാമ്പിലെ മറ്റുള്ളവരുടെ സഹായം അവർക്ക് ലഭിക്കുകയായിരുന്നു.
മിലാനയെപ്പോലെ, മനാറിന്റെ മകളെപ്പോലെ 20000 ലേറെ കുട്ടികളാണ് ഗസയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ജനിച്ചതെന്നാണ് യുനിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിലെ ഏറ്റവും ശക്തമായ ആക്രമണകാലമാണ് ഈ കഴിഞ്ഞുപോയ ഒരു വർഷം. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ തൊടുത്ത ആക്രമണമാണ് തിരിച്ചടിയെന്നോണം ഇന്ന് ഗസയും കടന്ന് ലെബനനും ഇറാനും വരെ എത്തി നിൽക്കുന്നത്. ഇസ്രയേലിന്റെ കണക്ക് പ്രകാരം ഹമാസ് ആരംഭിച്ച ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 250 പേർ ബന്ദികളാക്കപ്പെടുകയും ചെയ്തു.
എന്നാൽ ഇസ്രയേലിന്റെ തിരിച്ചടിയിൽ പലസ്തീന്റെ പകുതിയിലേറെ ഭഗങ്ങൾ തകർന്ന് തരിപ്പണമായി. ഇസ്രായേൽ ആക്രമണത്തിൽ 41,500 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യ മന്ത്രാലയം അറിയിക്കുന്ന ഔദ്യോഗിക കണക്ക്. ഗസയിലെ 2.3 ദശലക്ഷം വരുന്ന ജനതയിൽ ഭൂരിഭാഗവും പലായനം ചെയ്തു.
Content Highlights: Gaza Mothers Struggle To Care For Newborns amid conflicts