ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് രാജ്യത്തിന് നേരെ ഹിസ്ബുള്ള ആക്രമണം. ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. ആക്രണത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇസ്രയേലിലും റോക്കറ്റാക്രമണം നടന്നു. ആക്രമണം നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു.
ആക്രമണത്തിന്റെ വാർഷിക ദിനമായതിനാൽ ഇസ്രയേൽ സുരക്ഷ കർശനമാക്കിയിരുന്നു. 2023 ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ ഹമാസ് ആക്രമണം പിന്നീട് ലോകത്തെ മുഴുവൻ ഞെട്ടിച്ച, ഇന്നും തീരാത്ത സംഘർഷങ്ങളിലേക്കും ലെബനൻ ഇറാൻ ആക്രമണങ്ങളിലേക്കുമാണ് നയിച്ചത്.
ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുള്ളയുടെ സുപ്രധാന ദിവസത്തെ ഈ ആക്രമണം. അഞ്ച് ഹിസ്ബുള്ള റോക്കറ്റുകളാണ് ഹൈഫയിൽ പതിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യവസായിക നഗരമായ ഹൈഫയിൽ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി.
ഇതിനിടെ ഇസ്രയേലിന്റെ ലെബനൻ, ഗസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അൽ അഖ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. അഭയാർത്ഥി കേന്ദ്രത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രികളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധകുറ്റമാണെന്നും ഐക്യരാഷ്ട്രസഭ വിമർശിച്ചു.
ContenT Highlight: Hezbollah attacked Israel on the day of one year of Hamas attack