വീട് വൃത്തിയാക്കി, ഉടമയ്ക്ക് ഭക്ഷണമുണ്ടാക്കി, വൈറലായി യുകെയിലെ കള്ളൻ; ഒടുവിൽ പിടിയിൽ

യുവതിക്കായി പാചകം ചെയ്യാനും വീട്ടിലെ മറ്റ് ജോലികൾ ചെയ്യാനും കള്ളൻ മറന്നില്ല

dot image

പലതരം മോഷണകഥകൾ നാം കേട്ടിട്ടുണ്ട്. മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്ന് അറിയാതെ ഉറങ്ങിപ്പോകുന്ന കള്ളൻമാരുടെ കഥകളുൾപ്പെടെ വാർത്തയാകാറുണ്ട്. അത്തരത്തിൽ വ്യത്യസ്തനായൊരു കള്ളൻ്റെ വാർത്തയാണ് യുകെയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വെറുതെയങ്ങ് മുങ്ങുകയല്ല ചെയ്തത്. വീട്ടിലെ ജോലികളെല്ലാം ചെയ്തുതീർത്താണ് കള്ളൻ സ്ഥലംവിട്ടത്. യുവതിക്കായി പാചകം ചെയ്യാനും വീട്ടിലെ മറ്റ് ജോലികൾ ചെയ്യാനും കള്ളൻ മറന്നില്ല. ഒടുവിൽ ‘വിഷമിക്കേണ്ട, സന്തോഷവതിയായിരിക്കൂ’ എന്ന കുറിപ്പും ഇയാൾ എഴുതിവെച്ചു.

ഇത്രയും 'നന്മ' ചെയ്തിട്ടും സംഭവത്തിൽ അറസ്റ്റിലായ 36-വയസുകാരൻ ഡാമിയൻ വോജ്‌നിലോവിക്‌സിനെ കാർഡിഫ് ക്രൗൺ കോടതി വെറുതേവിട്ടില്ല. 22 മാസത്തെ തടവിനാണ് പ്രതിയെ ശിക്ഷിച്ചത്. ജൂലൈ 16-ന് മോൺമൗത്ത്ഷെയറിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. യുവതി ജോലിക്കുപോയ തക്കം നോക്കി മോഷ്ടാവ് വീട്ടിൽ കയറി. വീട്ടിൽ കയറിയ യുവാവ് ആദ്യം കാണ്ടത് തുറക്കാതെ വെച്ച പുതിയ ഷൂവിൻറെ പെട്ടിയാണ്. പെട്ടി തുറന്ന മോഷ്ടാവ് ഷൂവെടുത്ത് പുറത്തുവയ്ക്കുകയും പെട്ടിയും പ്ലാസ്റ്റികും ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയും ചെയ്തു. അടുക്കളയിലെത്തിയ മോഷ്ടാവ് കവറുകളിൽ നിന്നും പലചരക്ക് സാധനങ്ങളെടുത്ത് ഫ്രിഡ്ജിൽവച്ചു. വളർത്തുപക്ഷികൾക്ക് തീറ്റ നൽകുകയും വീട്ടിലെ ചെടിച്ചട്ടികൾ വൃത്തിയാക്കുകയും ചെയ്തു.

തറ തുടയ്ക്കുകയും വസ്ത്രങ്ങൾ ഉണങ്ങാനിടുകയും മാലിന്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു. പോകുന്നതിന് മുമ്പ് വീട്ടുടമയ്ക്കായി ഭക്ഷണം പാകം ചെയ്യുകയും ചെയ്തു. യുവതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കാഴ്ചകണ്ട് ഞെട്ടി. സ്വീകരണമുറിയിലെ മേശപ്പുറത്ത് കഴിച്ചുതീർത്ത നിലയിൽ ഒരുകുപ്പി റെഡ് വൈനും ഒഴിഞ്ഞ ഗ്ലാസും മധുരപലഹാരങ്ങളുമാണ് യുവതി കാണുന്നത്. സംശയം തോന്നിയ യുവതി അയൽക്കാരനോട് കാര്യം തിരക്കിയപ്പോൾ ആരോ തുണി അലക്കിക്കൊണ്ട് നിൽക്കുന്നത് കണ്ടതായി അറിഞ്ഞു. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവ് പിടിക്കപ്പെടുന്നതുവരെ സ്വന്തം വീട്ടിൽ താമസിക്കാൻ തനിക്ക് ഭയമായിരുന്നുവെന്ന് യുവതി പറഞ്ഞു.

തന്നെ അറിയാവുന്ന ആരെങ്കിലും ചെയ്തതാണോ താൻ ഒറ്റയ്ക്ക് താമസിക്കുന്നതായി അയാൾക്ക് അറിയാമായിരുന്നോ എന്നും യുവതി ആശങ്കപ്പെട്ടിരുന്നു. മോഷ്ടാവ് പിടിക്കപ്പെടുന്നതുവരെ സുഹൃത്തിനൊപ്പമാണ് യുവതി സ്വന്തം വീട്ടിൽ കഴിഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിക്കപ്പെടുന്നത്. ജൂലൈ 29-ന് മറ്റൊരു വീട്ടിലും യുവാവ് മോഷണം നടത്തിയിരുന്നു. മോഷ്ടാവ് അതിക്രമിച്ച് കയറിയതിനു പിന്നാലെ വീട്ടുടമസ്ഥൻറെ ഫോണിലേക്ക് സിസിടിവിയിൽ നിന്നുള്ള അലേർട്ട് ലഭിച്ചു. ഉടമസ്ഥൻ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് തൻറെ വീട്ടിലൂടെ നടക്കുന്നതായാണ് കാണുന്നത്.

കഴിഞ്ഞ രീതിയിൽ നിന്ന് വ്യത്യസ്തമായി സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കുളിക്കുകയും ഭക്ഷണം കഴിക്കുകയുമാണ് അയാൾ ചെയ്തത്. ഹോട്ട് ടബ് വൃത്തിഹീനമാക്കിയ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്. മുന്നറിയിപ്പ് ലഭിച്ച ഉടൻ വീട്ടുടമസ്ഥൻ തൻറെ മരുമകനോട് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. അദ്ദേഹം എത്തുമ്പോൾ മദ്യപിച്ച് ലക്കുകെട്ട് കയ്യിൽ ഗ്ലാസുമായാണ് മോഷ്ടാവിനെ കാണുന്നത്. ചോദ്യം ചെയ്യുന്നതിനിടയിൽ ഇയാൾ സ്ഥലം വിട്ടു. രണ്ടിടത്തെയും സംഭവങ്ങളറിഞ്ഞ പൊലീസ് രണ്ടും ചെയ്തത് ഒരാളാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നാലെ പ്രതിയെ പിടികൂടുകയായിരുന്നു.

Content Highlights: thief breaks into home and cooks meal for owner

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us