ടെൽ അവീവ്: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഒക്ടോബർ ഏഴിന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഗാസയിലുടനീളം 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ഒന്നാം വാർഷിക ദിനത്തിൽ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.
അതേസമയം കിഴക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാൽ ഒക്ടോബർ ഏഴിന് തന്റെ രാജ്യം നേരിട്ട അക്രമം ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഗാസയിലും ലെബനനിലും നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ തടഞ്ഞതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഹിസ്ബുള്ളയ്ക്ക് ആയുധവും ധനസഹായവും നൽകുകയും യെമൻ വിമതരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇറാൻ, ഹമാസ് ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തെ പ്രശംസിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇസ്രയേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു. ഇതോടെ ആക്രമണത്തെ പ്രതിരോധിക്കാൻ തയ്യാറായിരിക്കുകയാണ് ഇറാൻ.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ആഗോള ശക്തികൾക്ക് കഴിയുന്നില്ലെന്ന് പോപ് ഫ്രാൻസിസ് അപലപിച്ചിരുന്നു. ഇതിനിടെ യുദ്ധമവസാനിപ്പിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് ഐക്യരാഷ്ട്രസഭ. സംഘർഷങ്ങൾക്ക് തുടക്കമായ 2023 ഒക്ടോബർ ഏഴിന്റെ ഓർമ്മ ദിവസം ലോകമാകമാനം ഗാസയ്ക്ക് പിന്തുണയറിയിച്ച് സമാധാനം ആവശ്യപ്പെട്ട് റാലികൾ സംഘടിപ്പിച്ചിരുന്നു.