സ്റ്റോക്ക്ഹോം: 2024ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം സ്വന്തമാക്കി മെഷീൻ ലേർണിങ്ങിന്റെ സാധ്യതകൾ തുറന്ന കനേഡിയൻ-അമേരിക്കൻ ശസ്ത്രജ്ഞർ. അമേരിക്കൻ ഗവേഷകൻ ജോൺ ജെ ഹോപ്ഫീൽഡ്, കനേഡിയൻ ശസ്ത്രതജ്ഞനായ ജെഫ്രി ഇ ഹിന്റൺ എന്നിവരാണ് നൊബേൽ സമ്മാനം പങ്കിട്ടത്. നിർമിത ന്യൂറൽ ശൃംഖലകൾ (ARTIFICIAL NEURAL NETWORKS) ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കും നൂതനാവിഷ്കാരങ്ങൾക്കുമാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാദമി അറിയിച്ചു.
ഡേറ്റയിൽ ചിത്രങ്ങളും മറ്റ് തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി സൃഷ്ടിച്ചതിനാണ് ജോൺ ഹോപ്ഫീൽഡ് നൊബേൽ സമ്മാനത്തിന് അർഹനായത്. ഡേറ്റയിൽ സ്വയമേവ വസ്തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതും പോലെയുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന രീതി ആവിഷ്കരിച്ചതാണ് ജെഫ്രി ഹിൻ്റണെ പുരസ്കാരത്തിന് അർഹനാക്കിയത്.
അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലാണ് ഹോപ്ഫീൽഡ് ഗവേഷണം നടത്തിയിരുന്നത്. ടൊറെന്റോ സർവകലാശാലയിലായിരുന്നു ഹിന്റണിന്റെ ഗവേഷണം. ഭൗതിക ശാസ്ത്രത്തിന്റെ സഹായത്തോടെ തന്നെയാണ് ഇവർ ഇന്നത്തെ ശക്തമായ മെഷീൻ ലേർണിങ് വികസിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.
അതേസമയം നൊബേൽ പ്രഖ്യാനത്തിന് ശേഷം സംസാരിക്കവേ നിർമിതബുദ്ധിയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണമെന്ന് ജെഫ്രി ഹിന്റൺ പറഞ്ഞു. വ്യാവസായിക വിപ്ലവത്തിന് സമാനമായ സ്വാധീനം നിർമിത ബുദ്ധിക്ക് ഉണ്ടാകും. ശാരീരിക ബലം വർധിപ്പിക്കുന്നതിന് പകരം ഇവിടെ മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെയാണ് അഭിവൃദ്ധിപ്പെടുത്തുന്നത്. അതേസമയം എഐയുടെ അപകടത്തെ കുറിച്ചും ജനം അറിഞ്ഞിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചാറ്റ് ജിപിടിയാണ് താൻ കൂടുതലായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിയറെ അഗോസ്റ്റിനി, ഫറെൻസ് ക്രൗസ്, ആൻ ലുലി എന്നിവരാണ് കഴിഞ്ഞ വർഷം ഭൗതിക ശാസ്ത്രത്തിനുള്ള പുരസ്കാരം പങ്കിട്ടത്.
Content Highlight: John J Hopfield and AI godfather Geoffrey Hinton shares physics Nobel prize this year