മിൽട്ടൺ ചുഴലിക്കാറ്റ്; അമേരിക്കയിൽ കനത്ത ജാഗ്രത, ഫ്ലോറിഡയിൽ വെള്ളപ്പൊക്ക സാധ്യത

ഫ്ലോറിഡയിൽ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

dot image

മിൽട്ടൺ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെ തുട‍ർന്ന് അമേരിക്കയിൽ കനത്ത ജാഗ്രത. ഫ്ലോറിഡയിൽ കനത്ത നാശമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊടുങ്കാറ്റിനും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഫ്ലോറിഡ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്ലോറിഡ ജയിലുകളിൽ നിന്നും തടവുകാരെ ഒഴിപ്പിച്ചു. അന്തേവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് ഒഴിപ്പിക്കൽ.

ജോർജിയയിലും ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്, കൊടുങ്കാറ്റ് മണിക്കൂറിൽ 165 മൈൽ വേഗതയിലാണ് വീശുന്നത്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് ബുധനാഴ്ച രാത്രിയോടെ കാറ്റ് കരതൊടുമെന്നാണ് പ്രവചിക്കുന്നത്.

കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വിപുലമായ ഒഴിപ്പിക്കൽ പ്രവർത്തനമാണ് ഫ്ലോറിഡയിൽ നടന്നത്. ഒട്ടും സമയമില്ലെന്നും കഴിയുന്നത്ര വേഗം ടാംപാ ബേ മേഖലയിൽ നിന്നും ചുഴലിക്കാറ്റിൻറെ പാതയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻറിസ് അഭ്യർഥിച്ചിരുന്നു.

മുന്നറിയിപ്പിനെ തുടർന്ന് ഫ്ലോറിഡ നിവാസികൾ സംസ്ഥാനം വിട്ടു. ഫോർട്ട് ലോഡർഡെയ്‌ലിലേക്കും മിയാമിയിലേക്കുമാണ് പലായനം ചെയ്തത്. കൂട്ടപ്പലായനത്തെ തുടർന്ന് പ്രധാന പാതകളിൽ ഗതാഗത സ്തംഭനമുണ്ടായി. വിമാനത്താവളങ്ങളും ഗതാഗത സേവനങ്ങളും അടച്ചു. ടാംപാ ബേ നഗരത്തെയാവും ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മെക്‌സിക്കോയിലും കൂട്ട ഒഴിപ്പിക്കൽ ആരംഭിച്ചു. സെൻട്രൽ ഫ്ലോറിഡയിൽ കനത്ത വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് സൈന്യം സജ്ജമാണ്.

ചുഴലിക്കാറ്റുകളുടെ ശക്തിയനുസരിച്ച് മാരക പ്രഹരശേഷിയുള്ള കാറ്റഗറി അഞ്ചിലാണ് മിൽട്ടണെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഫ്ലോറിഡയിൽ കനത്ത മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കും. രണ്ട് കോടിയോളം ആളുകളാണ് ഫ്ലോറിഡയിൽ മാത്രം പ്രളയഭീതിയിൽ കഴിയുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് തീരം തൊട്ടുകഴിഞ്ഞാൽ ശക്തി കുറയാൻ തുടങ്ങുമെങ്കിലും മിൽട്ടന്‍റെ പ്രഹരം ചരിത്രത്തിലെ തന്നെ ഏറ്റവും കനത്തതായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Content Highlights: Hurricane Milton strengthens to Category 5 as it approaches Florida

dot image
To advertise here,contact us
dot image