ലോസ് ആഞ്ചൽസ്: ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തിൽ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം മാന്യമായ രീതിയിൽ അല്ല എന്നതിനെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു.
വിമാനത്തിൽ കയറുന്നതിന് മുന്നേ ക്രോപ്പ് ടോപ്പിന് മുകളിൽ കമ്പിളി വസ്ത്രങ്ങൾ ധരിച്ചിരുന്നു. പിന്നീട് താപനില കാരണം കമ്പിളി വസ്ത്രങ്ങള്‍ അഴിക്കേണ്ടി വന്നിരുന്നു. തുടർന്നാണ് പ്രശ്നമുണ്ടാകുന്നത്. വസ്ത്രം ധരിക്കണമെന്ന് ഫ്ലൈറ്റിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നിടത്തുനിന്നാണ് പ്രശ്നം ആരംഭിക്കുന്നത്. വിമാനത്തിലെ വസ്ത്ര നിയമം എന്താണെന്ന് യുവതികൾ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. സഹയാത്രികർ യുവതികളെ പിൻതാങ്ങിയെങ്കിലും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞാണ് ഇവരെ സൂപ്പർവൈസർ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്.
ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത് യുവതികൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് വിഷയം ജനശ്രദ്ധ നേടുന്നത്. ക്രോപ്പ്ടോപ്പ് ധരിച്ചതിനാൽ അപമാനിക്കപ്പെട്ടു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കുറിപ്പും സത്രീകൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ടിക്കറ്റ് തുക ഉദ്യോഗസ്ഥര്‍ തിരികെ തന്നില്ലെന്നും കുറിപ്പിൽ പറയുന്നു. 1000 ഡോളർ മുടക്കിയാണ് മറ്റൊരു വിമാനം ബുക്ക് ചേയ്യേണ്ടി വന്നെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യുവതികൾ പോസ്റ്റിലൂടെ അറിയിച്ചു.