സ്റ്റോക്‌ഹോം: ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ. ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം. 1956-ലാണ് സംഘടന സ്ഥാപിതമായത്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടനങ്ങളിൽ നിന്ന് അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്നതാണ് ഈ ജാപ്പനീസ് സംഘടന.
നിഹോൻ ഹിഡാൻക്യോയുടെ പ്രവർത്തനം കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ഒരു ആണവായുധവും യുദ്ധത്തിൽ ഉപയോഗിക്കപ്പെടാതിരിക്കാൻ നിർണായക പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. ലോകമെമ്പാടും ആണവായുധങ്ങൾക്കെതിരെ വ്യാപകമായ എതിർപ്പ് സൃഷ്ടിക്കാനും ഏകീകരിക്കാനും ഹിഡാൻക്യോ വലിയ പങ്കുവഹിച്ചെന്നും കമ്മിറ്റി കണ്ടെത്തി.
ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആക്രമണം നടന്ന് 11 വർഷത്തിനുശേഷമാണ് സംഘടന രൂപം കൊണ്ടത്. ജപ്പാനിലെ ആണവാക്രമണ അതിജീവിതരുടെ ഏക രാജ്യാന്തര സംഘടന കൂടിയാണ് നിഹോൻ ഹിഡാൻക്യോ. സംഘടനയുടെ ഔദ്യോഗിക നേതൃത്വത്തിലുള്ളവരും അംഗങ്ങളുമെല്ലാം അതിജീവിതരാണ്. 2016 വരെയുള്ള കണക്കുകൾ പ്രകാരം 1.74 ലക്ഷം അതിജീവിതരാണ് ജപ്പാനിലുള്ളത്. ആണവയുദ്ധങ്ങൾ തടയുകയും ആണവായുധങ്ങൾ ലോകത്തുനിന്ന് തുടച്ചുനീക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യങ്ങൾ.
ഈ വർഷത്തെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഈ പ്രഖ്യാപനം 14-ന് നടക്കും. സാഹിത്യ, വൈദ്യശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര നൊബേലുകൾ കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു.
Content Highlights: Nobel Peace Prize Awarded To Japanese Organisation Of Atomic Bombing Survivors Nihon Hidankyo