ആപ്പിൾ കമ്പനിക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡ്. തൊഴിലാളികളുടെ സ്വകാര്യതയിൽ ഇടപെടുന്നുവെന്നും തൊഴിൽ ലംഘനങ്ങൾ നടത്തുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പിളിനെതിരെ കടുത്ത വിമർശനം ഉയർന്നത്.
കമ്പനിയിലെ തൊഴിലാളികൾക്കായുളള സ്ലാക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമിന്റെ ഉപയോഗം അനധികൃതമായി നിയന്ത്രിക്കുന്നു എന്നതാണ് ഒരു കണ്ടെത്തൽ. ഇവ കൂടാതെ തൊഴിലാളികളുടെ എല്ലാ സോഷ്യൽ മീഡിയ ഉപയോഗത്തിലും കമ്പനി കൈകടത്തുന്നുവെന്നും ലേബർ റിലേഷൻസ് ബോർഡ് കണ്ടെത്തി. ഇവയ്ക്ക് പുറമെ സ്ലാക്കിലൂടെ തൊഴിൽസാഹചര്യങ്ങളിൽ മാറ്റം ആവശ്യപ്പെട്ട തൊഴിലാളിയെ പിരിച്ചുവിടുകയും, ഒരു തൊഴിലാളിയോട് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നു.
തൊഴിലാളികളോട് ആപ്പിൾ മോശം സമീപനം കാണിക്കുന്നത് ഇതാദ്യമായല്ല. നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ സ്വയം നിയന്ത്രണം ആവശ്യപ്പെട്ട് തൊഴിലാളികളോട് കരാറുകളിൽ ഒപ്പിടാൻ ആപ്പിൾ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ തൊഴിലാളി സൗഹൃദമല്ലാത്ത അന്തരീക്ഷമാണ് കമ്പനിയിലുള്ളതെന്ന് അമേരിക്കൻ ലേബർ റിലേഷൻസ് ബോർഡിന് പരാതി ലഭിച്ചിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയാണ് ആപ്പിൾ ചെയ്തത്. തൊഴിലാളികളുടെ ആശങ്കകളെ മുഖവിലയ്‌ക്കെടുത്ത്, കൃത്യമായ പരിശോധിച്ച് മുന്നോട്ടുപോകുന്ന സമ്പ്രദായമാണ് തങ്ങളുടേതെന്ന് കമ്പനി മറുപടി നൽകി.
മൂന്ന് വർഷം മുൻപ് ജനക് പെരിഷ് എന്ന തൊഴിലാളി നൽകിയ പരാതിയിലാണ് ലേബർ റിലേഷൻസ് ബോർഡിന്റെ വിമർശനം. സുതാര്യമായ ജോലി സാഹചര്യങ്ങൾക്കായും, തുല്യവേതനത്തിനായും, കമ്പനിയിലെ വിവേചനത്തിനെതിരെയും പെരിഷ് നിരവധി പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നിരുന്നു. ശബ്ദമുയർത്തുന്നവരെയെല്ലാം ആപ്പിൾ പുറത്താക്കുന്നുവെന്നും ഇത് ഗുരുതര തൊഴിൽ അവകാശ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് പെരിഷ് പരാതി നൽകിയിരുന്നത്. ഇതിന്മേലാണ് ലേബർ റിലേഷൻസ് ബോർഡ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.