ടെഹ്റാൻ: ഇറാൻ സർക്കാർ സംവിധാനങ്ങൾക്ക് നേരെ വൻ സൈബർ ആക്രമണം. സർക്കാരിൻറെ മൂന്ന് പ്രധാന കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ ഒക്ടോബർ ഒന്നിന് 200 മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.
ഇറാൻ സർക്കാരിന്റെ ജുഡീഷ്യറി ഉൾപ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബർ ആക്രമണമാണ് നടന്നിരിക്കുന്നത്. സുപ്രധാന ഡാറ്റകൾ ചോർന്നതായും ഇറാൻ സുപ്രീം കൗൺസിൽ ഓഫ് സൈബർ സ്പേസ് മുൻ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു. വൈദ്യുതി വിതരണം, മുൻസിപ്പൽ നെറ്റവർക്ക്, ഇന്ധന വിതരണം, പോർട്ടുകൾ തുടങ്ങി വിവിധ മേഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.
ഇറാന്റെ ആക്രമണത്തിന് നൽകുന്ന തിരിച്ചടി ഇറാൻ ഒട്ടും പ്രതീക്ഷിക്കാത്തതാകുമെന്നും മാരകവും കൃത്യവുമായിരിക്കുമെന്നും ഇസ്രയേൽ ആഭ്യന്തര മന്ത്രി യോവ് ഗാലൻ്റ് വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇസ്രയേലിനെ പിന്തുണക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് ശക്തമായ താക്കീത് ഇറാൻ നൽകിയിരുന്നു. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലായിരുന്നു ഗൾഫ് രാജ്യങ്ങൾ.
Content Highlight: Cyber attack against Iran's govt networks, Important data leaked says reports