ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് ടെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങൾ. ഒക്ടോബർ ഒന്നിന് ഇരുനൂറോളം റോക്കറ്റുകളാണ് ഇറാൻ ഇസ്രയേലിന് നേരെ അയച്ചത്. ലെബനനിലും ഗാസയിലും ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും ഹിസ്ബുള്ള നേതാവ് ഹസൻ നസറല്ലയുടെ കൊലപാതകത്തിനുമുള്ള തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം. തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇറാൻ നടത്തുന്നതായാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശേഖരമാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന വാദവും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇസ്രയേലിനോട് ഇറാന്റെ എണ്ണ ശേഖരങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ആവശ്യപ്പെടണമെന്ന് യുഎസിനോട് ഗൾഫ് രാജ്യങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
Content Highlight: If you support Israel, the consequences will be high Iran's warning for gulf countries