ഇസ്രയേലിന് മറുപടി നല്‍കി ഹിസ്ബുള്ള; സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

മധ്യ ഗാസയിലെ നുസ്‌റേത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു

dot image

ബെയ്‌റൂട്ട്: ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും ഐഡിഎഫ് പറഞ്ഞു.

വ്യാഴാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സൈനിക കേന്ദ്രം ആക്രമിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെക്കന്‍ ലെബനനിലും ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ള ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നതിനിടയിലാണ് പീരങ്കി ഷെല്ലുകളുപയോഗിച്ച് ആക്രമണം നടത്തിയത്. തെക്കന്‍ ലെബനനിലെ ലബ്ബൗനേ പ്രദേശത്തും ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ മിസൈലുകള്‍ ഉപയോഗിച്ച് നേരിട്ടതായി അല്‍ മനാര്‍ വാര്‍ത്താ ഔട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഗാസ ആശുപത്രിയിലെ ഹമാസ് കമാന്‍ഡ് സെന്റര്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യവും കൂട്ടിച്ചേര്‍ത്തു. 'അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയെന്ന് അറിയപ്പെട്ടിരുന്ന ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കോംപ്ലക്‌സിലെ തീവ്രവാദികളെ ആക്രമിച്ചു', എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മധ്യഗാസയിലെ ദെയ്ര്‍ എല്‍ ബലായില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസയിലെ നുസ്‌റേത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Content Highlights: Hezbollah attack Israel military base 4 soldiers killed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us