ഒട്ടാവ: ഇന്ത്യയ്ക്കെതിരായ നിലപാട് കൂടുതല്‍ കർശനമായി ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ ദക്ഷിണേന്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചു. വ്യക്തമായ തെളിവുകൾ ഉള്ള സംഭവത്തിൽ അന്വേഷണത്തോട് സഹകരിക്കാൻ ഇന്ത്യ തയ്യാറായില്ല. തെളിവുകൾ നൽകിയിട്ടും സഹകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ട്രൂഡോ പറഞ്ഞു. ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആഭ്യന്തര പരമാധികാരം വെല്ലുവിളിക്കപ്പെടുന്ന നടപടി അംഗീകരിക്കുക സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ വിശ്വാസയോഗ്യമായ തെളിവുകൾ അംഗീകരിക്കാൻ ഇന്ത്യ തയ്യാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖലിസ്ഥാൻ വിഘടനവാദി ങർദീപ് സിങ് നിജ്ജാർ വധക്കേസിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം നിജ്ജാർ വധക്കേസിൽ ഹൈക്കമ്മീഷണർ അടക്കമുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ തത്പരകക്ഷികളാണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ സർക്കാർ ഇന്ത്യക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും പ്രശ്നങ്ങൾ തുടങ്ങുന്നത്. കാനഡയുടെ കത്തിനോട് രൂക്ഷമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ട്രൂഡോയെ പേരെടുത്ത് പരാമർശിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ട്രൂഡോയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും വിമർശിച്ചു. അന്വേഷണത്തിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് കാനഡ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഇതിന് പിന്നാലെ കേസിൽ പ്രതിയാക്കാനായി ഹൈക്കമ്മീഷണർ അടക്കം കാനഡ ലക്ഷ്യമിടുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കുന്നതായി ഇന്ത്യ പറഞ്ഞു.
ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. കാനഡയിൽ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി.
ഞായറാഴ്ചയാണ് ഇന്ത്യൻ ഹൈക്കമ്മീഷണർക്കും നയതന്ത്രജ്ഞർക്കുമെതിരായ അന്വേഷണം സംബന്ധിച്ച വിവരം കാനഡ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചത്. ഇതിന് പിന്നാലെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയുടെ 36 വർഷം നീണ്ട പ്രവർത്തിപരിചയം അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്തെത്തിയിരുന്നു.
Content Highlight: India-Canada conflict; Canada to take strict action