ഗാസ: ഗാസയില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഇസ്രയേല്‍. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം 10 പേര്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു. തങ്ങള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നും ഉറങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു. വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.
ചൊവ്വാഴ്ച മാത്രം ഗാസയില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 34 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയില്‍ ഇതുവരെ 42,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
അതേസമയം ഗാസയില്‍ മാനുഷിക സഹായം എത്തിക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനകം സഹായം എത്തിക്കാനാണ് അമേരിക്കയുടെ നിര്‍ദേശം. ഇല്ലെങ്കില്‍ ഇസ്രയേലിനുള്ള സൈനിക പിന്തുണ വെട്ടി ചുരുക്കുമെന്നും അമേരിക്ക പറഞ്ഞു. മാനുഷിക സഹായം നിഷേധിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം നിരോധിക്കുന്ന അമേരിക്കന്‍ നിയമം നടപ്പിലാക്കുമെന്നും അമേരിക്ക അറിയിച്ചു.
ഗാസയ്ക്ക് പുറമെ ലെബനനിലും സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല. ലെബനന്‍ ഗ്രാമമായ ഖാനയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഒരു ആരോഗ്യ കേന്ദ്രവും തകര്‍ന്നു. ഇതാദ്യമായല്ല ഖാനയില്‍ ആക്രമണമുണ്ടാകുന്നത്. ഹിസ്ബുള്ളയുമായുള്ള ആക്രമണം ആരംഭിച്ചത് മുതല്‍ 12ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കുറഞ്ഞത് 37 ആരോഗ്യ കേന്ദ്രങ്ങളാണ് തകര്‍ന്നത്. 2006ലെ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ 50ലധികം പേരും 1996ലെ ആക്രമണത്തില്‍ 116 പേരും ഖാനയില്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 2350ലധികം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ലെബനനില്‍ നിന്നും വടക്കന്‍ ഇസ്രയേലിലേക്ക് 50നടുത്ത് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം പറയുന്നു. ചില മിസൈലുകള്‍ തടഞ്ഞെങ്കിലും ചില സ്ഥലങ്ങളില്‍ കേടുപാടുകള്‍ കണ്ടെത്തിയതായി സൈന്യം അറിയിച്ചു. അതേസമയം പരുക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
Content Highlights: 61 killed include 10 family members in Gaza by Israel attack