ഗാസ: ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്നവകാശപ്പെട്ട് വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന ആളുടെ വീഡിയോയാണ് ഇസ്രയേല്‍ പങ്കുവെച്ചത്. ഇയാളുടെ ഒരു കൈ അറ്റ നിലയിലാണ്.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തകര്‍ന്ന കെട്ടിടങ്ങള്‍ ദൃശ്യത്തില്‍ കാണാം. അത്തരത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് മുഖം മറച്ച നിലയില്‍ ആള്‍ ഇരിക്കുന്നത്. അയാളുടെ വലത് കൈ അറ്റത് വീഡിയോയില്‍ വ്യക്തമാണ്. ഡ്രോണ്‍ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ എന്തോ വസ്തു അയാള്‍ എറിയുന്നത് കാണാം. വീഡിയോയില്‍ ഉള്ളത് യഹിയ തന്നെയാണെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.
ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ യഹിയ കൊല്ലപ്പെട്ടു എന്നായിരുന്നു ഐഡിഎഫ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് യഹിയ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു. യഹിയയുടെ മരണം വലിയ നേട്ടമെന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി കാറ്റ്‌സ് പറഞ്ഞത്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടപ്പോഴായിരുന്നു യഹിയ സിന്‍വര്‍ ഹമാസ് തലവനായത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ യഹിയ ആയിരുന്നു.
Content Highlights- IDF shares video of Hamas leader Yahya Sinwar's final moment