കൊല്ലപ്പെട്ട ഹമാസ് നേതാവിൻ്റെ മൃതദേഹത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഇസ്രയേൽ സൈനികൻ്റെ കുറിപ്പ്

ഇസ്രയേൽ സൈന്യത്തിലെ ലെഫ്റ്റനൻ്റ് കേണലായ ഇറ്റാമർ ഈറ്റമാണ് യഹിയ സിൻവാറിൻ്റെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വിവരിച്ചത്

dot image

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിൻ്റെ മൃതദേഹത്തിനൊപ്പം ഏതാനും മിനിറ്റുകൾ ഒറ്റയ്ക്ക് ചിലവഴിച്ചതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ച് ഇസ്രയേലി സൈനികൻ. ഇസ്രയേൽ സൈന്യത്തിലെ ലെഫ്റ്റനൻ്റ് കേണലായ ഇറ്റാമർ ഈറ്റമാണ് യഹിയ സിൻവാറിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ വിവരിച്ചത്. ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായി കണക്കാക്കപ്പെട്ടിരുന്ന സിൻവാർ ഉണ്ടാക്കിയ "വേദന" ഈറ്റം വിവരിച്ചിട്ടുണ്ട്. സിൻവാറില്ലാത്ത ലോകമാണ് മികച്ച സ്ഥലമെന്ന് പറയുന്ന ഈറ്റം തകർന്ന നഗരമായ റഫയെ ഓർത്ത് ദു:ഖവും തോന്നുന്നുവെന്നും കുറിച്ചു. 'ഞാൻ ഇപ്പോൾ റഫ വിട്ടു. അധികം മുമ്പല്ലാതെ ഞാൻ അവൻ്റെ -സിൻവാർ- കണ്ണുകളിൽ നോക്കി. ഞാൻ അവനോടൊപ്പം കുറച്ച് മിനിറ്റ് തനിച്ചായിരുന്നു, ഞാൻ അവനെ നോക്കി-ഒരു ചെറിയ, വൃത്തികെട്ട, തകർന്ന ഒരു രൂപം, തകർന്ന സോഫയിൽ കിടക്കുന്നു', എന്നായിരുന്നു ഈറ്റം കുറിച്ചത്.

'വളരെയധികം വേദനയാണ് ഈ മനുഷ്യൻ ഉണ്ടാക്കിയത്. ഞാൻ തകർന്ന നഗരത്തിലേയ്ക്ക് നോക്കി, എനിക്ക് അവരോട് പോലും വേദന തോന്നി. എന്നാൽ എന്തിനേക്കാളും, എനിക്ക് അപമാനം തോന്നി, ദൈവത്തിൻ്റെ പേരിൽ അപമാനം തോന്നി. കാരണം, അവനും (സിൻവാർ) ഒരിക്കൽ ഒരു ശിശുവും കുട്ടിയും ആയിരുന്നു, അവന് ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു പക്ഷെ അവൻ തിന്മ തിരഞ്ഞെടുത്തു. അവൻ ദുഷ്ടത തിരഞ്ഞെടുത്തു. അവൻ നിങ്ങളുടെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണെന്നത് എന്തൊരു അപമാനമാണ്. ഇപ്പോൾ ഈ ലോകം എത്ര മെച്ചപ്പെട്ടതാണ്. ഞങ്ങൾ ആശയക്കുഴപ്പത്തിലാകില്ല, ഞങ്ങൾ ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മൾ വിജയിക്കും. ഹാപ്പി ഹോളിഡേ' എന്നായിരുന്നു ലെഫ്റ്റനൻ്റ് കേണലായ ഇറ്റാമർ ഈറ്റം കുറിച്ചത്.

രഹസ്യാന്വേഷണ ഏജൻസികളുടെ നീണ്ട തിരച്ചിലിനൊടുവിലാണ് ഇസ്രയേൽ സൈന്യം സിൻവാറിനെ സ്പോട്ട് ചെയ്തത്. ഇതിന് പിന്നാലെ ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സിൻവാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡെൻ്റൽ രേഖകൾ, വിരലടയാളം, ഡിഎൻഎ പരിശോധന എന്നിവയിലൂടെയാണ് കൊല്ലപ്പെട്ടത് സിൻവാറാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്. സിൻവാറിൻ്റെ അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്ത് വിട്ടിരുന്നു. അടുത്തുവരുന്ന ഡ്രോണിന് നേരെ വടി എറിയാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'അധിനിവേശകർ ഉടൻ തന്നെ ഖേദിക്കുമെന്നാ'യിരുന്നു സിൻവാറിൻ്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഹമാസ് അധികൃതരുടെ മുന്നറിയിപ്പ്.

ഇതിനിടെ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങളെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്. ഇസ്രയേലിലെ ജയിലിൽ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾക്കൊപ്പം ഈ വിരലുകൾ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിൻവർ ആണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചത്.

സിൻവാർ ഷെൽ ആക്രമണത്തിൽ അല്ല മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. തലയിൽ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിൻവാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകർ സിൻവാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പങ്കുവെച്ച ചിത്രങ്ങളിൽ തലയോട്ടി പൂർണമായും തകർന്ന നിലയിലാണ് സിൻവറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Israeli soldier recounts moments spent with Yahya Sinwar's body

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us