ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ച് ഇസ്രയേൽ സേന. ലെബനീസ് തലസ്ഥാനത്തെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്സും ഭൂഗർഭ ആയുധനിർമ്മാണ കേന്ദ്രവും ഇസ്രയേൽ സൈന്യം ആക്രമിച്ചതായി റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിച്ചിരുന്നു.
ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ മൂന്ന് ഹിസ്ബുള്ള കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ സതേൺ കമാൻഡിലെ ഉയർന്ന കമാൻഡർ അൽഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷൻ വിദഗ്ധൻ റദ്ജ അബ്ബാസ് അവ്ച്ചെ, ഹിസ്ബുള്ള തന്ത്രപ്രധാനമാായ ആയുധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ മേൽനോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈൻ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിൻ്റെ അവകാശവാദം. ആക്രമണത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് പോസ്റ്റിലൂടെ ഇസ്രയേലി സൈന്യംപങ്കുവെച്ചിട്ടുണ്ട്.
מטוסי קרב תקפו בשעות הבוקר, בהכוונה מודיעינית של אגף המודיעין, מפקדה של מטה המודיעין של חיזבאללה וסדנת נשק תת קרקעית בביירות.
— Israeli Air Force (@IAFsite) October 20, 2024
טרם התקיפה ננקטו צעדים רבים על מנת לצמצם את הסיכוי לפגיעה באזרחים, הכוללים אזהרות מקדימות לאוכלוסייה.
מטוסי קרב תקפו וחיסלו בהכוונת אמ"ן במרחב תבנין את… pic.twitter.com/0kfl5w2OEY
ഇന്ന് രാവിലെ ഇസ്രയേലി എയർഫോഴ്സ് ഹിസ്ബുള്ളയുടെ ഇൻ്റലിജൻസിൻ്റെ കമാൻഡോ കേന്ദ്രത്തിലും ഭൂഗർഭ ആയുധ നിർമ്മാണകേന്ദ്രത്തിലും ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്രയേൽ സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്. തെക്കൻ ബെയ്റൂത്തിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാാത്തിലും ഞായറാഴ്ച രാവിലെ ഇസ്രയേൽ ആക്രമണം നടത്തിയതായി ലെബനീസ് സർക്കാർ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹിസ്ബുള്ളയുടെ തെക്കൻ ഫ്രണ്ട് കമാൻഡിലെ മുതിർന്ന അംഗമായ അൽഹാജ് അബ്ബാസ് സലാമയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ബിൻത് ജബീൽ സെക്ടറിലെ ഹിസ്ബുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്ന സലാമ ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ തെക്കൻ മുന്നണിയിൽ നിരവധി ചുമതലകൾ നേരത്തെ സലാമ വഹിച്ചിട്ടുണ്ട്.
വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലും ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിലെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സിസേറിയയിലെ തൻ്റെ സ്വകാര്യ വസതിയിൽ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിരുന്നു. 'ഇസ്രായേൽ പൗരന്മാരെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ആർക്കും കനത്ത വില നൽകേണ്ടിവരു'മെന്നായിരുന്നു നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്. ഇറാനും ഇറാൻ്റെ പിന്തുണയുള്ള മേഖലയിലെ സായുധഗ്രൂപ്പുകൾക്കുമാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Israeli military targets Hezbollah intelligence HQ claims killing 3 senior commanders