നെതന്യാഹുവിനെതിരായ ഡ്രോൺ ആക്രമണം; ഇസ്രയേലി പ്രതിപക്ഷത്തിൻ്റെ നിശബ്ദതയെ വിമർശിച്ച് ഭരണകക്ഷി

പ്രതിപക്ഷ നേതാവ് യെയ‍ർ ലാപിഡ്, നാഷണൽ യൂണിറ്റിയുടെ നേതാവ് ബെന്നി ​​ഗാൻ്റ്സ് എന്നിവ‍ർക്കെതിരായാണ് ലികുഡ് പാ‍ർട്ടി വിമ‍‍ർശനം ഉന്നയിച്ചിരിക്കുന്നത്

dot image

ഇസ്രയേൽ പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി ഒരു ദിവസം പിന്നിട്ടിട്ടും അതിനെ അപലപിക്കാത്ത പ്രതിപക്ഷത്തിനെതിരെ വി‍മ‍‌ർശനവുമായി നെതന്യാഹുവിൻ്റെ ലികുഡ് പാ‍ർട്ടി. പ്രതിപക്ഷ നേതാവ് യെയ‍ർ ലാപിഡ്, നാഷണൽ യൂണിറ്റിയുടെ മേധാവി ബെന്നി ​​ഗാൻ്റ്സ് എന്നിവ‍ർക്കെതിരായാണ് ലികുഡ് പാ‍ർട്ടി വിമ‍‍ർശനം ഉന്നയിച്ചിരിക്കുന്നത്.

'പ്രധാനമന്ത്രിയെ വധിക്കാനുള്ള ഇറാനിയൻ ശ്രമം നടന്നിട്ട് 24 മണിക്കൂറിലേറെയായി. പ്രതിപക്ഷത്തിൻ്റെ നേതാക്കളായ യെയ‍ർ ലാപിഡ്, ബെന്നി ​ഗാൻ്റ്സ് എന്നിവ‍ർ ഒരുവരി പോലും ശത്രുക്കളുടെ നീക്കത്തിനെതിരെ പറഞ്ഞില്ല' എന്നാണ് ലികുഡ് പാർട്ടിയുടെ വക്താവ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരിക്കുന്നത്. 'സത്യത്തിൻ്റെ ഈ നിമിഷത്തിൽ പോലും വിലകുറഞ്ഞ രാഷ്ട്രീയവും ഈഗോയും മറികടക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഇത് നാണക്കോടാണ്. ശത്രുക്കൾക്കെതിരെ സംയുക്ത സഖ്യം ഉണ്ടാക്കുന്നതിന് പകരം പ്രതിപക്ഷ നേതാക്കൾ നിശബ്ദതയാണ് തിരഞ്ഞെടുത്ത'തെന്നും പ്രസ്താവന കുറ്റപ്പെടുത്തി. 'അവർ നിശബ്ദത തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ഞങ്ങൾ മനസ്സിലാക്കുന്നിടത്തോളം നിശബ്ദത എന്നത് ഒരു കരാറാണ്. പക്ഷെ അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. അവരുടെ പിന്തുണ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇസ്രയേൽ പോരാടുകയും വിജയിക്കുകയും ചെയ്യു'മെന്നും വാർത്താക്കുറിപ്പിൽ ലികുഡ് പാർട്ടി വ്യക്തമാക്കി.

തീരദേശ നഗരമായ സിസേറിയയിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയ്ക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ശനിയാഴ്ച ലെബനനിൽ നിന്നുള്ള ഡ്രോൺ ഇസ്രായേൽ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിയിൽ ഇടിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നെതന്യാഹുവും ഭാര്യ സാറയും സംഭവ സമയം ഇവിടെ ഇല്ലായിരുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ലെബനനിൽ നിന്ന് ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്ന മറ്റ് രണ്ട് ഡ്രോണുകളെ സൈന്യം തടഞ്ഞതായാണ് ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്.

തെക്കൻ ഹൈഫയിലെ സിസേറിയയിലെ കെട്ടിടത്തിൽ കുടുങ്ങിയ ഡ്രോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇസ്രയേൽ സ്ഥിരീകരിക്കുന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ടെന്നും ആർക്കും ​ഗുരുതര പരിക്കുകൾ പറ്റിയിട്ടുമില്ലെന്നായിരുന്നു റിപ്പോർട്ട്. ലെബനനിൽ നിന്നും എഴുപത്കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് ഡ്രോൺ സിസേറിയയിൽ പൊട്ടിത്തെറിച്ചത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയിൽ പതിച്ചെന്ന് അവകാശപ്പെടുന്ന ഡ്രോൺ ഇസ്രയേൽ വ്യോമപരിധിക്കുള്ളിലൂടെ പറക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇറാൻ സൈന്യത്തിൻ്റെ എക്സ് പോസ്റ്റിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇസ്രായേലും ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഇസ്രയേലിൻ്റെ ഹെലികോപ്റ്ററിനെ മറികടന്ന് ഡ്രോൺ വേഗത്ത് പറന്ന് മുന്നോട്ടു പോകുന്ന ദൃശ്യങ്ങളാണ് ഇസ്രയേലി സൈന്യം പങ്കുവെച്ചത്. ലെബനനിൽ നിന്നുള്ള ഈ ഡ്രോണിന് ഇസ്രയേലിൻ്റെ റഡാർ സംവിധാനത്തേക്കാൾ താഴ്ന്ന് പറക്കാൻ കഴിഞ്ഞതും അതിന് ഇസ്രായേലിൻ്റെ ഹെലികോപ്റ്ററിനെ മറികടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഈ ഡ്രോണാണ് പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയുടെ സിസേറിയയിലെ സ്വകാര്യ വസതിയിൽ പതിച്ചതെന്ന് അവകാശപ്പെടുന്ന നിരവധി അജ്ഞാത സോഷ്യൽ മീഡിയ പോസ്റ്റുകളും ഇതിനകം വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് മേധാവി യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം എന്ന നിലയിലാണ് ഡ്രോൺ ആക്രമണമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ഹമാസ് സിൻവാറിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് രം​ഗത്തെത്തിയത്. സിൻവാറിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു. തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സിൻവാറിന്റെ മൃതദേഹത്തിൽ വിരലുകൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിൻവർ തന്നെ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പാക്കാൻ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വിരലുകൾ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോർട്ടിലുള്ളത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയേനി സിൻവാറിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Content Highlights: Likud blasts opposition chiefs for not condemning Iranian assassination attempt of Netanyahu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us