ബ്രിസ്‌ബേന്‍: ചാള്‍സ് രാജാവിനെതിരെ മുദ്രാവാക്യം മുഴക്കി ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. പാര്‍ലമെന്റില്‍ രാജാവ് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ലിഡിയ തോര്‍പ്പ് ക്ഷുഭിതയായി മുദ്രാവാക്യം വിളിച്ചത്. ലിഡിയ തോര്‍പ്പിന്റെ പരാമര്‍ശത്തില്‍ പാര്‍ലമെന്റ് സഭ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഞങ്ങളുടെ ഭൂമി തിരികെ നല്‍കൂ' എന്ന് ലിഡിയ അലറി വിളിച്ചു. 'നിങ്ങള്‍ ഞങ്ങളില്‍ നിന്ന് ഭൂമി മോഷ്ടിച്ചു. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ഞങ്ങള്‍ക്ക് തിരികെ നല്‍കൂ. നിങ്ങള്‍ എന്റെ രാജാവല്ല' എന്നും ലിഡിയ വിളിച്ചു പറഞ്ഞു.
100 വര്‍ഷത്തിലധികം ബ്രിട്ടീഷ് കോളനിയായിരുന്ന ഓസ്ട്രേലിയ ഇപ്പോഴും വിദേശ ബന്ധങ്ങളിലടക്കം പിന്തുടരുന്നത് ബ്രിട്ടീഷ് നയങ്ങളാണ്. കോളനിക്കാലത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്ട്രേലിയക്കാര്‍ ക്രൂരമായി വധിക്കപ്പെടുകയും നിരവധിപേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. രാജവാഴ്ചയോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്ന സെനറ്ററായാണ് തോര്‍പ്പ് അറിയപ്പെടുന്നത്. 2022ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയര്‍ത്തിയത് വിവാദമായിരുന്നു.
Content Highlights- King Charles heckled by Indigenous senator in Australia