രഹസ്യ അറയിലുള്ളത് കോടിക്കണക്കിന് പണവും സ്വർണവും; ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യം കണ്ടെത്തിയെന്ന് ഇസ്രയേൽ

വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ അവകാശപ്പെട്ടു

dot image

ടെൽ അവീവ്: ബെയ്റൂട്ട് ആശുപത്രിക്ക് കീഴിൽ ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസ് സ്ഥിതി ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നതായി ഇസ്രയേൽ. രഹസ്യ ബങ്കറിൽ സ്വർണവും പണവും ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും ഇതാണ് ഇസ്രയേലിനെതിരായ അക്രമത്തിനായി ഹിസ്ബുള്ള ഉപയോ​ഗിച്ചിരുന്നതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പറയുന്നു.

ഹിസ്ബുള്ളയുടെ ബാങ്കിങ് സംവിധാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് രഹസ്യ ബങ്കർ സംബന്ധിച്ച ഇസ്രയേലിന്റെ അവകാശവാദം. ബെയ്റൂട്ടിന്റെ ഹൃദയഭാ​ഗത്തുള്ള അൽ സഹേൽ ആശുപത്രിക്ക് കീഴിലാണ് ബങ്കർ സ്ഥിതി ചെയ്യുന്നതെന്നും ഐഡിഎഫ് അറിയിച്ചു. ലഭിച്ച കണക്കുകൾ പ്രകാരം ബങ്കറിൽ കുറഞ്ഞത് അര ബില്യൺ ഡോളർ എങ്കിലും പണമുണ്ടാകും. നിരവധി സ്വർണവുമുണ്ട്. ഇവ ഉപയോ​ഗിച്ച് തന്നെ ലെബനനെ പുനരധിവസിപ്പാക്കാൻ സാധിക്കുമെന്നും ഐഡിഎഫ് വക്താവ് ഡാനിയേൽ ഹ​ഗാരി പറ‍ഞ്ഞു.

സ്വർണവും പണവും കണ്ടെത്തിയ സംഭവത്തിൽ ലെബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും ഇടപെടണമെന്നും ഹ​ഗാരി പറഞ്ഞു. ഈ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രഹസ്യ ബങ്കറിൽ ഇസ്രയേൽ ആക്രമണം നടത്തിയിട്ടില്ല.

വർഷങ്ങളുടെ അന്വേഷണ ഫലമായാണ് ബങ്കർ കണ്ടുപിടിച്ചതെന്നും ഇസ്രയേൽ അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ലയുടെ നിർദേശപ്രകാരമാണ് ബങ്കർ നിർമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം.

ലെബനനിലെ ഹിസ്ബുള്ളയുടെ നിരവധി ബാങ്കിങ് സംവിധാനങ്ങളാണ് ഇസ്രയേൽ തകർത്തത്. ഹിസ്ബുള്ളയുടെ ജനകീയ ബാങ്കിങ് സംവിധാനമായ അൽ ഖർദുൽ ഹസൻ ഇസ്രയേൽ തകർത്തിരുന്നു.

Content Highlight: Israel declassifies intelligence on secret financial source of Hezbollah

dot image
To advertise here,contact us
dot image