ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് പിന്‍ഗാമി ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഹമാസ് പുതിയ നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാവിന് പകരം ദോഹ ആസ്ഥാനമായുളള ഭരണസമിതിയെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണശേഷം ഓഗസ്റ്റില്‍ രൂപം കൊടുത്ത അഞ്ചംഗ സമിതിക്കായിരിക്കും ഭരണസമിതിയുടെ ചുമതല. അടുത്ത മാര്‍ച്ചിലെ തിരഞ്ഞെടുപ്പ് വരെയാണ് ഭരണസമിതിക്ക് ചുമതല.
സിന്‍വാറിന്റെ മരണത്തിന് മുമ്പ് തന്നെ അദ്ദേഹത്തോട് ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് നേരത്തെ തന്നെ ഭരണസമിതി രീപീകരിച്ചത്. 2017ലാണ് സിന്‍വാറിനെ ഹമാസ് മേധാവിയായി തിരഞ്ഞെടുക്കുന്നത്. ജൂലൈയില്‍ ഇസ്മായില്‍ ഹനിയയുടെ വധത്തിന് പിന്നാലെ സിന്‍വാര്‍ ഹമാസിന്റെ തലവനായി ഉയരുകയായിരുന്നു.
ഹമാസിന്റെ ശൂറ ഉപദേശക കൗണ്‍സില്‍ മേധാവി മുഹമ്മദ് ദാര്‍വിഷ്, ഗാസയില്‍ നിന്ന് ഖലില്‍ അല്‍ ഹയ്യ, വെസ്റ്റ് ബാങ്കില്‍ നിന്ന് സഹര്‍ ജബരിന്‍, പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്ന് ഖലേദ് മെഷാല്‍ തുടങ്ങിയവരുള്‍പ്പെടുന്നതാണ് ഭരണസമിതി. സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത പൊളിറ്റിക്കല്‍ ബ്യൂറോ സെക്രട്ടറിയും ഭരണസമിതിയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ എല്ലാ അംഗങ്ങളും ഖത്തര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
യുദ്ധ കാലത്തും പ്രത്യേക സാഹചര്യങ്ങളിലും ഭാവി പദ്ധതികളിലും പ്രസ്ഥാനത്തെ നിയന്ത്രിക്കുകയെന്നതാണ് കമ്മിറ്റിയുടെ ചുമതലയെന്ന് സ്രോതസുകള്‍ പറയുന്നു. തന്ത്രപരമായ തീരുമാനമെടുക്കേണ്ടതും ഇതേ കമ്മിറ്റിയാണ്.
ഇസ്രയേല്‍ സേനയുടെ ആക്രമണത്തിലാണ് യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. സിന്‍വാറിന്റെ മൃതദേഹത്തില്‍ വിരലുകള്‍ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെ എന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വിരലുകള്‍ മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇസ്രയേലിലെ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ക്കൊപ്പം ഈ വിരലുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ ആണെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.
സിന്‍വാര്‍ ഷെല്‍ ആക്രമണത്തില്‍ അല്ല മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. തലയില്‍ ബുള്ളറ്റ് തറച്ചുകയറിയാണ് മരണം. സിന്‍വാര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തുകയും പിന്നീട് സൈനീകര്‍ സിന്‍വാറിനെ വധിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പങ്കുവെച്ച ചിത്രങ്ങളില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്ന നിലയിലാണ് സിന്‍വറിന്റെ മൃതദേഹം കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: There is no chief to succeeded Yahya Sinwar in Hamas