ബെയ്‌റൂത്ത്: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ഇസ്രയേല്‍ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റല്ലയുടെ പിന്‍മുറക്കാരനാകുമെന്ന് കരുതിയ നേതാവാണ് ഹാഷിം സഫീദ്ദീന്‍. ഹാഷിമിന്റെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചു.
മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ലെബനനിലെ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ സഫീദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സഫീദ്ദീനൊപ്പം ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരില്‍ ചിലരും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വൈകിട്ടോടെയാണ് ഹിസ്ബുള്ള വൃത്തങ്ങള്‍ ഹാഷിമിന്റെ മരണം സ്ഥിരീകരിച്ചത്.
നസ്‌റല്ലയുടെ മരണത്തിന് പിന്നാലെ ഹിസ്ബുള്ളയെ നയിക്കാന്‍ നസ്റല്ലയുടെ ബന്ധുകൂടിയായ ഹാഷിം സഫീദ്ദിന്‍ എത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് ഹാഷിമിന്റെ അപ്രതീക്ഷിത മരണം. ഹിസ്ബുള്ളയിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിന് പുറമേ ഷൂറ കൗണ്‍സിലിന്റേയും ജിഹാദി കൗണ്‍സിലിന്റേയും തലവനായിരുന്നു സഫീദ്ദീന്‍. അമേരിക്കയും സൗദി അറേബ്യയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സഫീദ്ദിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
Content Highlights- Hezbollah's Hashem Safieddine killed in Israeli attack