പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കുന്നതിനിടെ തലകീഴായി കുടുങ്ങി യുവതി; ഏഴ് മണിക്കൂർ പരിശ്രമം; ഒടുവിൽ പുറത്തേക്ക്

തല താഴെയും കാല്‍ ഭാഗം മുകളിലുമെന്ന നിലയിലാണ് കുടുങ്ങിയത്

dot image

കാന്‍ബെറ: പാറയ്ക്കിടയില്‍ വീണ മൊബൈല്‍ എടുക്കുന്നതിനിടെ കുടുങ്ങി യുവതി. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ മാറ്റില്‍ഡ കാംപ്‌ബെല്‍ എന്ന 23കാരിയാണ് പാറയ്ക്കിടയില്‍ തലകീഴായി കുടുങ്ങിയത്. ന്യൂ സൗത്ത് വേല്‍സിലെ ഹണ്ടര്‍ വാലിയില്‍ ഒക്ടോബര്‍ പന്ത്രണ്ടിനാണ് സംഭവം നടന്നത്. സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്.

സുഹൃത്തുകള്‍ക്കൊപ്പം ഹണ്ടര്‍ വാലിയില്‍ എത്തിയതായിരുന്നു മാറ്റില്‍ഡ. ഇതിനിടെയാണ് മൊബൈല്‍ പാറക്കെട്ടുകള്‍ക്കിടയിലെ മൂന്ന് മീറ്റര്‍ താഴ്ചയിലേക്ക് വീണത്. മൊബൈല്‍ എടുക്കാനുള്ള ശ്രമത്തിനിടെ മാറ്റില്‍ഡ വിടവില്‍ കുടുങ്ങി. തല താഴെയും കാല്‍ ഭാഗം മുകളിലുമെന്ന നിലയിലാണ് കുടുങ്ങിയത്. സുഹൃത്തുക്കള്‍ മാറ്റില്‍ഡയെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ എമര്‍ജന്‍സി സര്‍വീസ് സംഘം സ്ഥലത്തെത്തി. തൊട്ടുപിന്നാലെ പൊലീസും മെഡിക്കല്‍ സംഘവും കൂടി സ്ഥലത്തേയ്ക്ക് എത്തി.

തലകീഴായാണ് മാറ്റില്‍ഡ വീണത് എന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായി. അതിന് പുറമേ വലിയ പാറക്കല്ലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഏഴ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാറ്റില്‍ഡയെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ എണ്‍പത് മുതല്‍ 500 കിലോഗ്രാം വരെ ഭാരമുള്ള പാറക്കല്ലുകള്‍ നീക്കം ചെയ്തതായി എന്‍എസ്ഡബ്ല്യു ആംബുലന്‍സ് സ്‌പെഷ്യലിസ്റ്റ് ടീമിലെ പീറ്റര്‍ വാട്‌സ് പറഞ്ഞു. തന്റെ കരിയറില്‍ ഇത്രയും വെല്ലുവിളി നിറഞ്ഞ ഒരു രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും പീറ്റര്‍ വാട്‌സ് പറഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ചവര്‍ക്ക് മാറ്റില്‍ഡ നന്ദി പറഞ്ഞു. അതേസമയം മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെന്നും മാറ്റില്‍ഡ പറഞ്ഞു.

Content highlights- Woman stuck in crevice for 7 hours while trying to receive phone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us