ടെഹ്റാന്: രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം സ്ഫോടനം നടത്തിയ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, വലിയ വില കൊടുക്കേണ്ടിവരുമെന്നും ഒരു ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ ആക്രമണം സ്ഥിരീകരിച്ച ഇറാൻ, മിസൈലുകളെ തങ്ങൾ കൃത്യമായി തടുത്തെന്നും, എന്നാൽ ചെറിയ ആക്രമണം ഉണ്ടായതായും നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായത്.
ടെഹ്റാന് സമീപമുള്ള കരാജ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ഇറാന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തരമായ ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പിന്നീട് അറിയിച്ചിരുന്നു. ' ലോകത്തെ മറ്റേത് രാജ്യത്തെപ്പോലെയും, തിരിച്ചടിക്കാൻ ഇസ്രയേലിനും അവകാശമുണ്ട്. ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെല്ലാം തയ്യാറാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ വേണ്ടതെല്ലാം ചെയ്യും'; എന്നായിരുന്നു ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പ്രതികരിച്ചത്.
ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിരുന്നു ഈ ആക്രമണം. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം.
Content Highlights: iran warns israel of consequences