ന്യൂയോർക്ക്: ഹമാസുമായുള്ള ഇസ്രായേൽ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികൾക്കായി മൗനാചരണം നടത്തിയ രണ്ട് ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടു. കമ്പനിയുടെ ആസ്ഥാനത്ത് അനധികൃതമായി മൗനാചരണം സംഘടിപ്പിച്ചതിനാണ് നടപടിയെന്നാണ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. പിരിച്ചുവിട്ട രണ്ടു ജീവനക്കാരും ഈജിപ്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പിരിച്ചുവിട്ട രണ്ട് ജീവനക്കാരും ഈജിപ്തിൽ നിന്നുള്ളവരാണ്. പിരിച്ചുവിട്ട മൈക്രോസോഫ്റ്റ് ജീവനക്കാരായ അബ്ദോ മുഹമ്മദും ഹൊസാം നസ്‌റും "നോ അസൂർ ഫോർ അപ്പാർത്തീഡ്" എന്ന പേരിലുള്ള ജീവനക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു. മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഇസ്രായേൽ സർക്കാരിന് വിൽക്കുന്നതിനെ ഗ്രൂപ്പ് എതിർത്തിരുന്നു. വ്യാഴാഴ്ച മൈക്രോസോഫ്റ്റ് ഓഫീസിൽ നടന്ന പരിപാടി കമ്പനി നയത്തെ എതിർക്കാനല്ലെന്നാണ് മുഹമ്മദും നാസറും വ്യക്തമാക്കുന്നത്. കുടുംബം നഷ്ടപ്പെട്ട, സുഹൃത്തുക്കളെ അല്ലെങ്കിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിരവധി കമ്മ്യൂണിറ്റി അംഗങ്ങൾ മൈക്രോസോഫ്റ്റിനുള്ളിൽ ഉണ്ടെന്ന് ഗവേഷകനും ഡാറ്റ ശാസ്ത്രജ്ഞനുമായ മുഹമ്മദ് പറഞ്ഞതായാണ് എപി റിപ്പോർട്ട് ചെയ്യുന്നത്.
'ഞങ്ങൾക്ക് ഒരുമിച്ച് ചേരാനും ഞങ്ങളുടെ സങ്കടങ്ങൾ പങ്കിടാനും സ്വയം സംസാരിക്കാൻ കഴിയാത്ത ആളുകളുടെ ഓർമ്മകളെ ബഹുമാനിക്കാനും കഴിയുന്ന ഇടം നൽകുന്നതിൽ മൈക്രോസോഫ്റ്റ് പരാജയപ്പെ'ട്ടെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു. ഗാസയിലെ യുദ്ധത്തിൻ്റെ ഇരകളെ ആദരിക്കുന്നതിനും വംശഹത്യയിൽ മൈക്രോസോഫ്റ്റിൻ്റെ പങ്കാളിത്തത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനുമാണ് കൂടിച്ചേരൽ സംഘടിപ്പിച്ചതെന്നാണ് പുറത്താക്കപ്പെട്ട മറ്റെരു ജീവനക്കാരനായ നാസറിനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നത്.
മുഹമ്മദിനും നാസറിനും എതിരായ നടപടിയിൽ പ്രതികരണവുമായി മൈക്രോസോഫ്റ്റ് രംഗത്ത് വന്നിട്ടുണ്ട്. ആഭ്യന്തര നയങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിച്ചതായാണ് കമ്പനിയുടെ വിശദീകരണമെന്നാണ് എപി റിപ്പോർട്ട് ചെയ്യുന്നത്.
'ആഭ്യന്തര നയത്തിന് അനുസൃതമായി ചില വ്യക്തികളുടെ തൊഴിൽ അവസാനിപ്പിച്ചു' എന്നാണ് ടെക് ഭീമനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്യുന്നത്. പ്രൊഫഷണലും മാന്യവുമായ തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിന് ബാധ്യസ്ഥരാണ് എന്ന് ചൂണ്ടിക്കാണിച്ച കമ്പനി സ്വകാര്യതയും രഹസ്യസ്വഭാവവും ഉള്ളതിനാൽ കൂടുതൽ വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗാസ യുദ്ധത്തിനിടയിൽ ഇസ്രായേൽ ഗവൺമെൻ്റിന് സാങ്കേതിക വിദ്യ വിതരണം ചെയ്തതിൻ്റെ പേരിൽ അമേരിക്കൻ ടെക് ഭീമന്മാർക്ക് അവരുടെ ജീവനക്കാരിൽ നിന്നും നേരത്തെയും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കമ്പനിക്കെതിരായ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അമ്പതിലധികം തൊഴിലാളികളെ മൈക്രോസോഫ്റ്റ് 2024-ൽ പിരിച്ചുവിട്ടിരുന്നു. ഇസ്രായേലി സർക്കാരിന് ക്ലൗഡ് കംപ്യൂട്ടിംഗും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനങ്ങളും നൽകുന്നതിനായി ഗൂഗിളിനും ആമസോണിനുമായി 2021ൽ ഒപ്പുവച്ച 1.2 ബില്യൺ ഡോളർ കരാറായ 'പ്രോജക്റ്റ് നിംബസ്' ചൂണ്ടിക്കാണിച്ചായിരുന്നു ഗൂഗിൾ ഓഫീസുകളിലെ കുത്തിയിരിപ്പ് പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും അരങ്ങേറിയിട്ടുള്ളത്.
Content Highlights: Microsoft sacks two employees on call for organising vigil for Palestinians killed in Gaza war