'ഇനിയും നാശം വിതയ്ക്കാമായിരുന്നു, വേണ്ടായെന്ന് വെച്ചതാണ്'; ഇറാൻ ആക്രമണത്തിൽ ഇസ്രയേൽ നയതന്ത്രജ്ഞൻ

ടെഹ്‌റാൻ പ്രകോപനം തുടർന്നാൽ ഇനിയും മാരകമായി തിരിച്ചടിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അസർ ഓർമിപ്പിച്ചു

dot image

ടെഹ്‌റാൻ: ഇറാന് മേലുള്ള ആക്രമണം കുറഞ്ഞുപോയെന്നും തങ്ങൾക്ക് ഇനിയും നാശം വിതയ്ക്കാൻ സാധിക്കുമായിരുന്നുവെന്നും ഇന്ത്യയിലുള്ള ഇസ്രയേൽ അംബാസഡർ ര്യൂവൻ അസർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അസർ ഈ അഭിപ്രായം നടത്തിയത്.

ഇറാനെ തങ്ങൾ ആക്രമിക്കാൻ തയാറല്ല എന്നതും, വേണമെങ്കിൽ ഇനിയും കനത്ത നാശം വിതയ്ക്കാൻ സാധിക്കുമായിരുന്നു എന്നതുമാണ് ഈ ആക്രമണം ഇറാന് നൽകുന്ന സന്ദേശമെന്നും അസർ പറഞ്ഞു. ' ഇറാന്റെ ആകാശ പ്രതിരോധ സംവിധാനങ്ങളിലും, മിസൈൽ, ഡ്രോൺ പ്രോഗ്രാമുകളിലുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിൽ നിന്ന് ഞങ്ങൾ, ഇറാന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഒരുതരത്തിലുള്ള ആക്രമണങ്ങൾക്കും നിന്നുതരാനില്ല എന്നാണ് പറയാൻ ഉദ്ദേശിക്കുന്നത്'; അസർ പറഞ്ഞു.

ടെഹ്‌റാൻ പ്രകോപനം തുടർന്നാൽ ഇനിയും മാരകമായി തിരിച്ചടിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അസർ ഓർമിപ്പിച്ചു. 'ഞങ്ങൾ എല്ലാറ്റിനും തയ്യാറാണ്. ഞങ്ങളുടെ സഖ്യ രാജ്യങ്ങളും പൂർണമായും ഞങ്ങളോടൊപ്പം തന്നെയാണ്. രാജ്യത്തിന്റെ സൈനിക ശേഷി അനുസരിച്ച് ഇറാനിൽ ഇനിയും സുഖമായി ആക്രമണം നടത്താമായിരുന്നു. പക്ഷെ തീരുമാനിച്ചുറപ്പിച്ച കാര്യം മാത്രം ചെയ്ത് വരിക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം'; അസർ കൂട്ടിച്ചേർത്തു. ഇറാൻ യാഥാർഥ്യം മനസിലാക്കണമെന്നും, മേഖലയിലെ സമാധാനം തകർക്കാൻ ശ്രമിക്കരുതെന്നും പറഞ്ഞ അസർ, അത്തരത്തിൽ ഒരു നടപടി ഇനിയും ഉണ്ടായാൽ ഇറാൻ വലിയ വില കൊടുക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, ഇസ്രയേൽ ഇറാനിൽ നടത്തിയത് കൃത്യമായ തയ്യാറെടുപ്പും പ്ലാനിങ്ങും ഉണ്ടായിരുന്ന അക്രമണമാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്.

തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, F-16I സുഫ എയർ ഡിഫൻസ് ജെറ്റുകളുമാണ് ഇറാൻ ആക്രമണത്തിനായി ഇസ്രയേൽ വിന്യസിച്ചത്. റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, 'റോക്ക്സ്' എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേൽ തയ്യാറാക്കിനിർത്തി.

ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന 20 ക്യാമ്പുകളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആദ്യ ആക്രമണം തന്നെ ഇറാന്റെ റഡാർ ആൻഡ് എയർ ഡിഫൻസ് സൗകര്യങ്ങളിലായിരുന്നു. ഇതോടെ ഇറാന്റെ സൈനിക ബേസുകളിൽ ആക്രമണം നടത്താൻ ഇസ്രയേലിന് ധൈര്യമായി. പിന്നീടാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഏകദേശം നൂറോളം ഫൈറ്റർ ജെറ്റുകളാണ് ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. 25 മുതൽ മുപ്പത് ഗ്രൂപ്പുകളായാണ് ഇവ ആക്രമണം അഴിച്ചുവിട്ടത്. 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയെ സുരക്ഷിതമായി പൊതിയുകയായിരുന്നു. ദൗത്യത്തിന് 'ഓപ്പറേഷൻ ഡേയ്സ് ഓഫ് റിപെന്റൻസ്' എന്നാണ് ഇസ്രയേൽ പേര് നൽകിയിരുന്നത്.

Content Highlights: israel could have done more damage but resisted itself

dot image
To advertise here,contact us
dot image