ടെഹ്‌റാൻ: ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി 'എക്സ്' പോസ്റ്റിട്ടതിന് പിന്നാലെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമേനിയുടെ 'എക്സ്' അക്കൗണ്ട് അപ്രത്യക്ഷമായതായി റിപ്പോർട്ട്. 'എക്സ്' തന്നെ അക്കൗണ്ട് സപ്‌സെൻഡ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖമേനിയുടെ ഔദ്യോഗിക അക്കൗണ്ടിന് പുറമെയുള്ള മറ്റൊരു അക്കൗണ്ടാണ് 'അപ്രത്യക്ഷ'മായത്. ഇസ്രയേലി ഭാഷയായ ഹീബ്രുവിൽ സന്ദേശങ്ങൾ എഴുതാനായാണ് ഖമേനി കഴിഞ്ഞ ദിവസം ഈ അക്കൗണ്ട് ഉണ്ടാക്കിയത്. ഇതിൽ ആകെ രണ്ട് സന്ദേശങ്ങളെ ഉണ്ടായിരുന്നുമുള്ളൂ. അതിൽ ഇസ്രയേലിന് മുന്നറിയിപ്പ് നൽകുന്ന സന്ദേശമായിരുന്നു അവസാനത്തേത്. അവ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുളിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുകയായിരുന്നു.
'സിയോണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തിരിക്കുകയാണ്. ഇറാന്റെ കാര്യത്തിൽ അവരുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയിരിക്കുന്നു. ഞങ്ങളുടെ ശക്തിയും, കഴിവും എന്തെന്ന് നിങ്ങൾക്ക് ഉടനെ കാണിച്ചുതരാം', എന്നതായിരുന്നു മുന്നറിയിപ്പ് സന്ദേശം. ഇത് പോസ്റ്റ് ചെയ്ത ശേഷമാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.
ഒക്ടോബർ 26നാണ് ഇറാന്റെ തലസ്ഥാനമാറ്റ ടെഹ്‌റാന് സമീപമുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം. നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ആ ആക്രമണം.
Content Highlights: Ali Khameneis X account suspended after posting threat to israel