'എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു';നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തി ഇസ്രയേൽ പൗരന്മാർ

കഴിഞ്ഞ വര്‍ഷത്തെ ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരാണ് പ്രതിഷേധിച്ചത്.

dot image

ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തുന്ന ഇസ്രയേല്‍ പൗരന്മാരുടെ വീഡിയോ വൈറലായി. കഴിഞ്ഞ വര്‍ഷത്തെ ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റവരാണ് പ്രതിഷേധിച്ചത്. ആക്രമണത്തിന്റെ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഏഴിന് നടത്തിയ അനുസ്മരണ പരിപാടിയിലാണ് സംഭവം.

പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മിനുറ്റോളം ശബ്ദിക്കാതെ നില്‍ക്കുന്ന നെതന്യാഹുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ' എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു', എന്ന് പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ നോക്കി വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയതില്‍ നെതന്യാഹു കുറ്റക്കാരനാണെന്ന് നിരവധി ഇസ്രയേല്‍ പൗരന്മാര്‍ ആരോപിച്ചു. ഹമാസ് ബന്ദിക്കളാക്കിയവരെ ഇപ്പോഴും മോചിപ്പിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഗാസയിലെ തടവുകാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇറാന് മേലുള്ള ആക്രമണം കുറഞ്ഞുപോയെന്നും തങ്ങള്‍ക്ക് ഇനിയും നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇന്ത്യയിലുള്ള ഇസ്രയേല്‍ അംബാസഡര്‍ ര്യൂവന്‍ അസര്‍ പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അസര്‍ ഈ അഭിപ്രായം നടത്തിയത്.

ഇറാനെ തങ്ങള്‍ ആക്രമിക്കാന്‍ തയാറല്ല എന്നതും, വേണമെങ്കില്‍ ഇനിയും കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുമായിരുന്നു എന്നതുമാണ് ഈ ആക്രമണം ഇറാന് നല്‍കുന്ന സന്ദേശമെന്നും അസര്‍ പറഞ്ഞു. ' ഇറാന്റെ ആകാശ പ്രതിരോധ സംവിധാനങ്ങളിലും, മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതില്‍ നിന്ന് ഞങ്ങള്‍, ഇറാന്റെ നേരിട്ടോ അല്ലാതെയോ ഉള്ള ഒരുതരത്തിലുള്ള ആക്രമണങ്ങള്‍ക്കും നിന്നു തരാനില്ല എന്നാണ് പറയാന്‍ ഉദ്ദേശിക്കുന്നത്', അസര്‍ പറഞ്ഞു.

Content Highlights: Israel citizens interrupt Netanyahu speech

dot image
To advertise here,contact us
dot image