ഗാസ: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലും ലെബനനിലും 24 മണിക്കൂറിനുള്ളില്‍ 150ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 93ഓളം പലസ്തീനികള്‍ക്കും 60ഓളം ലെബനന്‍ പൗരന്മാര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയില്‍ പലായനം ചെയ്യപ്പെട്ട ആളുകള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് ആക്രമണം നടന്നത്. കിഴക്കന്‍ ലെബനനിസലെ ബെക്ക താഴ്വരയിലെ ആക്രമണത്തിലാണ് ഒറ്റരാത്രികൊണ്ട് ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരുക്കേറ്റു.
ആവശ്യത്തിനുള്ള വിഭവങ്ങളില്ലാത്തതിനാല്‍ തന്നെ പരുക്കേറ്റവരില്‍ പലരും മരിക്കാന്‍ സാധ്യതയുണ്ടെന്ന് വടക്കന്‍ ഗാസയിലെ പ്രധാന ആശുപത്രിയായ കമാല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ. ഹുസ്സാം അബു സഫിയ പറഞ്ഞു. കഴിഞ്ഞ ആഴ്ച മൂന്ന് ഡോക്ടര്‍മാരൊഴികെയുള്ള ആശുപത്രി ജീവനക്കാരെ ഇസ്രയേല്‍ സൈന്യം തടവിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ ഗാസയിലേക്ക് അയക്കണമെന്ന് ലോകത്തോട് ആഹ്വാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തലിന് ദോഹയില്‍ യുഎസ്, ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാന്‍ ആദ്യം രണ്ട് ദിവസത്തെ വെടിനിര്‍ത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിര്‍ത്തലുമാണ് ഈജിപ്ത് ശുപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ 7നുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 43,020 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 101,110 പേരാണ് ഗുരുതര പരിക്കുകളുമായി ജീവിതത്തോട് മല്ലിടുന്നത്.
Content Highlights: 150 killed in Lebanon and Gaza by Israel attack