ഗാസയിൽ ഒരു ലക്ഷത്തിലധികം പലസ്തീനുകാർ ഇസ്രയേൽ സൈന്യത്തിന്റെ തടവറയിലെന്ന് റിപ്പോർട്ട്. സന്നദ്ധസംഘടനകളുടെ സഹായ വിതരണം കൂടി നിലച്ചതോടെ ഇവർ പട്ടിണിയിലും ദുരിതത്തിലുമാണെന്നും റിപ്പോർട്ടുണ്ട്. മോശം സാഹചര്യം മൂലം പകുതിയിലേറെ പേർ പല രീതിയിലുള്ള രോഗങ്ങൾ ബാധിച്ചവരാണെന്നും അടിയന്തര നടപടിയില്ലെങ്കിൽ കൂട്ടമരണം നടക്കുമെന്നും അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ ആക്രമണം വ്യാപിപ്പിച്ച പശ്ചാത്തലത്തിൽ ലോക രാഷ്ട്രങ്ങളുടെ അടിയന്തര ഇടപെടൽ അത്യാവശ്യമായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഒക്ടോബർ ഏഴിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 43,000 കവിഞ്ഞു. അതിനിടെ, ജബാലിയ ക്യാംപിലെ കമൽ അദ്‌വാൻ ആശുപത്രിയിൽനിന്നു 100 ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവരെല്ലാം ആരോഗ്യപ്രവർത്തകരായി വേഷമിട്ടവരായിരുന്നുവെന്നും ഇസ്രയേൽ ആരോപിച്ചു. ആശുപത്രിയിൽ ഹമാസ് താവളമുണ്ടായിരുന്നെന്ന ആരോപണം അധികൃതർ നിഷേധിച്ചു. സൈന്യം തട്ടിക്കൊണ്ടുപോയത് ആരോഗ്യപ്രവർത്തകരെയും രോഗികളെയുമാണെന്നും അധികൃതർ പറഞ്ഞു. സൈന്യം തകർത്ത ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും വിഡിയോയും പുറത്തുവന്നു.
അതേസമയം, വെടിനിർത്തലിന് ദോഹയിൽ യുഎസ്, ഈജിപ്ത്, ഖത്തർ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാൻ ആദ്യം രണ്ട് ദിവസത്തെ വെടിനിർത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിർത്തൽ ചർച്ചയുമാണ് ഈജിപ്ത് ശുപാർശ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 50 പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 43,020 പേരാണ്.101,110 പേരാണ് ഗുരുതര പരിക്കുകളുമായി ജീവിതത്തോട് മല്ലിടുന്നത്.
Content Highlights: Israel Palestine conflict;Gaza effects