പാം ബീച്ച്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ ഭാര്യ മെലാനിയക്കൊപ്പമെത്തിയാണ് ട്രംപ് വോട്ട് ചെയ്തത്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
ട്രേഡ് മാര്‍ക്കായ ചുവന്ന തൊപ്പി ധരിച്ചാണ് ട്രംപ് വോട്ട് ചെയ്യാനെത്തിയത്. വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് വോട്ട് ചെയ്ത ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങള്‍ മികച്ച പ്രചാരണമാണ് നടത്തിയത്. ജനങ്ങളില്‍ നിന്നുള്ള പ്രതികരണവും അതായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെ ഡി വാന്‍സും വോട്ട് രേഖപ്പെടുത്തി. സിന്‍സിനാറ്റിയിലാണ് വാന്‍ഡ് വോട്ട് രേഖപ്പെടുത്തിയത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഹവായി അടക്കം അന്‍പത് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. അതിനിടെ ജോര്‍ജിയയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കുറച്ചു സമയത്തേയ്ക്ക് നിര്‍ത്തിവെച്ചു. പരിശോധനകള്‍ക്ക് ശേഷം വോട്ടെടുപ്പ് പുനഃരാരംഭിക്കുകയും ചെയ്തു. ഫുള്‍ടണ്‍ കൗണ്ടിയിലുണ്ടായത് വ്യാജ ബോംബ് ഭീഷണിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വ്യാജ ബോംബ് ഭീഷണിയെത്തിയത് റഷ്യയില്‍ നിന്നാണെന്ന് ജോര്‍ജിയ ആഭ്യന്തര സെക്രട്ടറി ബ്രാഡ് റഫെന്‍സ്‌പെര്‍ജര്‍ അറിയിച്ചു.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറര വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലേയും സ്വിങ് സ്റ്റേറ്റുകളിലേയും തിരഞ്ഞെടുപ്പ് ഫലം അമേരിക്കന്‍ പ്രസിഡന്റ് നിര്‍ണയത്തില്‍ നിര്‍ണായകമാകും.
Content Highlights- us election; donald trump cast his vote