ന്യൂയോർക്ക്: ഇത്തവണത്തെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ശ്രദ്ധയാകർഷിച്ച് സവിശേഷമായ ഒരു പോളിങ്ങ് സ്റ്റേഷൻ. ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ പോളിങ്ങ് സ്റ്റേഷൻ ഒരുങ്ങിയിരിക്കുകയാണ്. ഭൂമിയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ ഉയരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ബഹിരാകാശ സഞ്ചാരികൾ യുഎസ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നു എന്നത് ഏറെ സവിശേഷമായാണ് കണക്കാക്കുന്നത്.
നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്റ്റാർലൈനർ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ഉണ്ട്. ഇവർക്കായാണ് ഈ പോളിങ്ങ് സ്റ്റേഷൻ ഒരുങ്ങിയത്. സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് മടക്കയാത്ര വൈകിയതോടെയാണ് ഇരുവർക്കും ആകസ്മികമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നത്. 2025 ഫെബ്രുവരി മാത്രമെ ഇവർക്ക് ഭൂമിയിലേയ്ക്ക് മടങ്ങാൻ കഴിയൂകയുള്ളു എന്നാണ് ഏറ്റവും ഒടുവിലെ വിവരം. ഈ സാഹചര്യത്തിലാണ് ബഹിരാകാശത്ത് നിന്ന് യുഎസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചത്. 2025 ഫെബ്രുവരി വരെയെങ്കിലും അവർ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കും.
സെപ്തംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാനുള്ള തൻ്റെ ആവേശം സുനിത വില്യംസ് പ്രകടിപ്പിച്ചിരുന്നു. 'പൗരന്മാർ എന്ന നിലയിൽ വോട്ടു ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. കൂടാതെ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്. അത് വളരെ രസകരമാണ്' എന്നായിരുന്നു സുനിത വില്യംസിൻ്റെ പ്രതികരണം. 'തിരഞ്ഞെടുപ്പുകളുടെ ഭാഗമാകുക എന്നത് പൗരന്മാർ എന്ന നിലയിൽ നാമെല്ലാവരും വഹിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ്. നാസ അത് ഞങ്ങൾക്ക് വളരെ എളുപ്പമാക്കുന്നു. അതിനാൽ ആ അവസരത്തിൽ ഞങ്ങൾ ആവേശഭരിതരാണ്' എന്നായിരുന്നു ബുച്ച് വിൽമോറിൻ്റെ പ്രതികരണം.
1977ൽ പാസാക്കിയ ടെക്സാസ് നിയമമാണ് അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾക്ക് ബഹിരാകാശത്ത് നിന്നും വോട്ടു ചെയ്യാനുള്ള അവകാശം നൽകിയത്. നാസയുടെ ജോൺസൺ സ്‌പേസ് സെൻ്റർ സ്ഥിതി ചെയ്യുന്ന ടെക്‌സാസിൽ നിന്നുള്ള ബഹിരാകാശയാത്രികരെ ബഹിരാകാശത്തിരുന്നും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിനും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നതിനും അവസരം നൽകുന്നതിനായിട്ടായിരുന്നു ടെക്സാസ് നിയമം നടപ്പിലാക്കിയത്.
ഇപ്പോൾ പ്രവർത്തനരഹിതമായ മിർ ബഹിരാകാശ നിലയത്തിൽ നിന്ന് 1997-ൽ ആദ്യമായി വോട്ട് ചെയ്തത് ഡേവിഡ് വുൾഫായിരുന്നു. അതിനുശേഷം ഒന്നിലധികം ബഹിരാകാശ സഞ്ചാരികൾ വോട്ട് രേഖപ്പെടുത്തി. 2020ലെ യുഎസ് തിരഞ്ഞെടുപ്പിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരിയായിരുന്നു കേറ്റ് റൂബിൻസ് വോട്ട് രേഖപ്പെടുത്തിയിരുന്നു.
ബഹിരാകാശയാത്രികർക്കുള്ള വോട്ടിംഗ് പ്രക്രിയ കാര്യക്ഷമവും സുരക്ഷിതവുമാണ്. സന്നിഹിതമാകാത്ത ബാലറ്റിന് അപേക്ഷിച്ച ശേഷം, ബഹിരാകാശയാത്രികർക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇലക്ട്രോണിക് രീതിയിൽ ബാലറ്റുകൾ ലഭ്യമാകും. നാസ പിന്നീട് ഡാറ്റ എൻക്രിപ്റ്റ് ചെയ്യുകയും ഒരു ഓൺബോർഡ് കമ്പ്യൂട്ടറിലേക്ക് അപ്‌ലോഡ് ചെയ്യുകയും ഏജൻസിയുടെ നിയർ സ്പേസ് നെറ്റ്‌വർക്ക് വഴി കൈമാറുകയും ചെയ്യുന്നു. ഈ വിവരം ട്രാക്കിംഗ് ആൻ്റ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം (TDRSS) വഴി ന്യൂ മെക്സിക്കോയിലെ നാസയുടെ വൈറ്റ് സാൻഡ്സ് ടെസ്റ്റ് ഫെസിലിറ്റിയിലേക്ക് എത്തുന്നു. പിന്നീട് ഇത് ഹൂസ്റ്റണിലെ മിഷൻ കൺട്രോളിലേക്ക് കൈമാറുന്നു. അവിടെ നിന്ന്, ഔദ്യോഗിക പ്രോസസ്സിംഗിനായി ബാലറ്റുകൾ ഇലക്ട്രോണിക് ആയി അതത് കൗണ്ടി ക്ലാർക്ക് ഓഫീസുകളിലേക്ക് അയയ്ക്കുന്നു.
ഇത്തരത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന് വോട്ടു ചെയ്യുന്നതിൻ്റെ പ്രധാന്യം അടുത്തിടെ പങ്കുവെച്ച ഒരു ബ്ലോഗ് പോസ്റ്റിൽ നാസ വ്യക്തമാക്കിയിരുന്നു. 'മനുഷ്യരാശിക്കായി ബഹിരാകാശ യാത്ര ആരംഭിക്കുമ്പോൾ ബഹിരാകാശ സഞ്ചാരികൾ പല സുഖസൗകര്യങ്ങളും ഉപേക്ഷിക്കുന്നു. അവർ വീട്ടിൽ നിന്ന് വളരെ അകലെയാണെങ്കിലും, നാസയുടെ നെറ്റ്‌വർക്കുകൾ അവരെ ഭൂമിയുമായി ബന്ധിപ്പിക്കുന്നു. ഭ്രമണപഥത്തിൽ ആയിരിക്കുമ്പോഴും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ജനാധിപത്യത്തിലും സമൂഹത്തിലും പങ്കെടുക്കാൻ അവർക്ക് അവസരം നൽകുന്നു' എന്നായിരുന്നു നാസ വ്യക്തമാക്കിയത്.