യുഎസിലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡി; ഉഷ വാന്‍സിന്റെ പേര് പ്രത്യേകം പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു

dot image

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ് പടിയിറങ്ങുമ്പോള്‍ ലോക ശ്രദ്ധ മറ്റൊരു ഇന്ത്യന്‍ വംശജയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഉഷ ചിലുകുരി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പത്‌നി. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തില്‍ ജെ ഡി വാന്‍സിന്റെയും ഉഷയുടെയും പേരുകള്‍ ഡൊണാള്‍ഡ് ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റാകുമ്പോള്‍ യുഎസിലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡിയാകും ഉഷ വാന്‍സ്.

ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ആണ് ഉഷയുടെ സ്വദേശം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ചിലുകുരി രാധാകൃഷ്ണ, ലക്ഷ്മി എന്നിവരുടെ മകളായി 1986ല്‍ സാന്‍ ഡിയാഗോയിലായിരുന്നു ഉഷയുടെ ജനനം. യെയ്ല്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. ഇതിന് ശേഷം യാലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി. ഇവിടെ വെച്ചാണ് ഉഷയും വാന്‍സും തമ്മില്‍ കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തിലെത്തുകയുമായിരുന്നു. 2014 ലായിരുന്നു ഇവരുടെ വിവാഹം.

സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിനും ബ്രെറ്റ് കവനോനിനുമൊപ്പം ക്ലര്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടാണ് ഉഷ വാന്‍സ് കരിയര്‍ ആരംഭിച്ചത്. കൊളംബിയ ഡിസ്ട്രിക്റ്റ് ബാര്‍, അമേരിക്കയിലെ പ്രശസ്തമായ നിയമ വിദഗ്ധരുടെ കൂട്ടായ്മയായ മങ്കര്‍, ടോളസ് ആന്‍ഡ് ഓല്‍സണിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെ ഡി വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉഷ വാന്‍ഡ് കരിയറിന് താത്ക്കാലിക ബ്രേക്കിട്ടു. ജെ ഡി വാന്‍സിന്റെ പ്രചാരണ പരിപാടികളില്‍ ഉഷ വാന്‍ഡ് സജീവമായി. ജീവിതത്തില്‍ ഉഷ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് മുന്‍പ് വാന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയിലെ തന്റെ വഴികാട്ടി ഉഷയായിരുന്നുവെന്നായിരുന്നു വാന്‍സ് പറഞ്ഞത്. അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുക്കാന്‍ ഉഷയാണ് തന്നെ പഠിപ്പിച്ചതെന്നും വാന്‍സ് പറഞ്ഞിരുന്നു.

Content Highlights- who is usha vance the second lady in USA

dot image
To advertise here,contact us
dot image