ഒട്ടാവ: ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുടര്‍ന്ന് കാനഡ. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍സ് വിസ സംവിധാനത്തില്‍ നിന്ന് ഇന്ത്യയെയും ഒഴിവാക്കി. ഇന്ത്യക്ക് പുറമേ പതിമൂന്ന് രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി. ചൈന, പാകിസ്താന്‍, ബ്രസീല്‍, കൊളംബിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുന്നതിനായി 2018ല്‍ കൊണ്ടുവന്ന പദ്ധതിയാണിത്. ലളിതമായ നടപടിക്രമങ്ങളായിരുന്നു ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്‍സ് വിസ സംവിധാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിര്‍ത്തലാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 8ന് കനേഡിയന്‍ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകള്‍ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളും ഇനി മുതല്‍ സാധാരണ സ്റ്റുഡന്റ് പെര്‍മിറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരും. പദ്ധതി നിര്‍ത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
Content Highlights- canada ends fast track sds visa cheme