പാകിസ്താനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു

പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം നടന്നത്

dot image

ലാഹോർ: പാകിസ്താനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നാൽപത്തിയാറ് പേർക്ക് പരിക്കേറ്റതായി ക്വറ്റയിലെ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെഷവാറിലേക്കുള്ള എക്‌സ്‌പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം നടന്നത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ക്വറ്റ സീനിയർ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ബലോച്ച് അറിയിച്ചു. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്ത് എത്തിയതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ബോംബ് സ്ക്വാഡ് തെളിവുകൾ ശേഖരിക്കുകയാണെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചാവേർ സ്ഫോടനം ആണെന്ന് സംശയമുണ്ടെന്ന് ക്വറ്റ ഡിവിഷൻ കമ്മീഷണർ ഹംസ ഷഫ്‌കത്ത് അറിയിച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. നേരത്തെയും പലതവണ ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ContentHighlight : Pakistan: 24 Killed In 'Suicide Blast' At Quetta Railway Station In Balochistan

dot image
To advertise here,contact us
dot image