ബെയ്ജിംഗ്: സ്‌പോർട്‌സ് സെൻ്ററിൽ വ്യായാമം ചെയ്തുകൊണ്ടിരുന്നവർക്ക് ഇടയിലേക്ക് ബോധപൂർവം കാർ ഇടിച്ചുകയറ്റി വയോധികൻ. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലുണ്ടായ സംഭവത്തിൽ 35 പേർക്ക് ദാരുണാന്ത്യം. 43 പേർക്ക് പരിക്കേറ്റു. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ചയാണ് ആക്രമണം റിപ്പോർട്ട് ചെയ്‌തത്.
അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചതായും പൊലീസ് അറിയിച്ചു. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
കഴുത്തിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സ്വയം മുറിവേൽപ്പിച്ചതിനെത്തുടർന്ന് പ്രതി ഇപ്പോൾ കോമയിലാണ്. അതുകൊണ്ട് ചോദ്യം ചെയ്യലിന് വിധേയനാക്കാൻ കഴിഞ്ഞില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് നിർദേശിച്ചു. കുറ്റവാളിയെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: 35 Killed and 40 Injured After Car Runs Over Pedestrians In China