ലണ്ടൻ- ബാലപീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടർന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വിൽബി രാജിവെച്ചു. പതിറ്റാണ്ടുകൾ നീണ്ടു നിന്ന ബാലപീഡന കേസുകളിൽ കൃത്യമായ തീരുമാനം എടുത്തില്ല എന്ന ആരോപണം ബിഷപ്പ് ജസ്റ്റിൻ വിൽബിക്കെതിരെ ശക്തിപ്പെട്ടിരുന്നു. 130-ലേറെ കുട്ടികളെ പീഡനത്തിന് ഇരയാക്കിയ പ്രമുഖ അഭിഭാഷകനും ചാരിറ്റി ട്രസ്റ്റായ ഐവേണിൻ്റെ മുൻ ചെയർമാനായിരുന്ന ജോൺ സ്മിത്തിനെതിരെയുള്ള ആരോപണങ്ങളിലാണ് ബിഷപ്പ് മൗനം പാലിച്ചതായുള്ള ആക്ഷേപം.
1970-കളുടെ അവസാനത്തിലും 80കളുടെ തുടക്കത്തിലുമായി ക്രിസ്മസ് അവധികാല ക്യാംപിൽ പങ്കെടുത്തിരുന്ന നിരവധി കുട്ടികളെ ജോൺ സ്മിത്ത് പീഡിപ്പിച്ചതായി കണ്ടെത്തുകയുണ്ടായി. അന്ന് നടന്ന ക്യാംപിന് നേതൃത്വം നൽകിയത് ബിഷപ്പ് ജസ്റ്റിൻ വിൽബിയായിരുന്നു. പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിട്ടും സ്മിത്തിന് വിദേശത്തു പോകാൻ സഭ അനുമതി നൽകിയെന്നതാണ് ആരോപണങ്ങളിൽ പ്രധാനപ്പെട്ടത്. ഇവിടെ നിന്ന് പോയ സ്മിത്ത് സിംബാബ്‌വേയിലും ദക്ഷിണാഫ്രിക്കയിലും ബാലപീഡനം തുടർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനെ തുടർന്നാണ് ആരോപണങ്ങൾ കടുത്തത്. പീഡനത്തെക്കുറിച്ച് 2013ൽ അറിഞ്ഞിട്ടും ആർച്ച് ബിഷപ് ഇക്കാര്യം ഔദ്യോഗികമായി അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പീഡനത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നാണ് ആർച്ച് ബിഷപിൻ്റെ വിശദീകരണം. സ്മിത്ത് കഴിഞ്ഞവർഷം മരിച്ചു. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തതിനെ തുടർന്നാണ് രാജി.
Content Highlight-Canterbury archbishop resigns after decades of 'failure to tackle child abuse'