'സെമിത്തേരിക്ക് കീഴിൽ തുരങ്കങ്ങൾ; ഒന്ന് ഇസ്രയേലിലേക്ക് നീളുന്നത്'; ഹിസ്ബുള്ളയുടെ തുരങ്കങ്ങൾ തകർത്തെന്ന് വാദം

കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കത്തില്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ മുറികള്‍, സ്ലീപ്പിങ് ക്വാര്‍ട്ടേഴ്‌സ്, ആയുധ ശേഖരങ്ങള്‍ എന്നിവയുണ്ടായിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു

dot image

ടെല്‍ അവീവ്: സെമിത്തേരിക്ക് കീഴില്‍ ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം. ഇവയടക്കം നിരവധി തുരങ്കങ്ങള്‍ നശിപ്പിച്ചതായി സൈന്യം അറിയിച്ചു. കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കത്തില്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ മുറികള്‍, സ്ലീപ്പിങ് ക്വാര്‍ട്ടേഴ്‌സ്, ആയുധ ശേഖരങ്ങള്‍ എന്നിവയുണ്ടായിരുന്നുവെന്നും സൈന്യം പറയുന്നു.

ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിരവധി ആയുധങ്ങളും തുരങ്കത്തില്‍ ശേഖരിച്ചു വെച്ചിരുന്ന സൈനിക ഉപകരണങ്ങളും കാണിക്കുന്നുണ്ട്. ഹിസ്ബുള്ള മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ മനുഷ്യരെ വിലമതിക്കുന്നില്ലെന്ന് ഐഡിഎഫ് പറഞ്ഞു.

4500 ക്യുബിക് മീറ്റര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് തുരങ്കം കോണ്‍ഗ്രീറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ലെബനനിലേക്ക് കടന്നുകയറിയുള്ള ആക്രമണത്തിന് ശേഷം നിരവധി തുരങ്കങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ ഒന്ന് ഇസ്രയേലിലേക്ക് കടന്നിട്ടുള്ള 25 മീറ്റര്‍ നീളമുള്ള തുരങ്കമാണെന്നുമാണ് ഇസ്രേയേല്‍ വാദം. കഴിഞ്ഞ മാസം ലെബനീസ് വീടിന് കീഴില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചതായി ആരോപിക്കുന്ന ഒരു തുരങ്കത്തിന്റെ വീഡിയോയും സൈന്യം പുറത്ത് വിട്ടിരുന്നു. ഇരുമ്പ് മുറികള്‍, ഫങ്ഷണിങ് മുറികള്‍, എകെ-47 റൈഫിളുകള്‍, ഒരു കിടപ്പുമുറി, കുളിമുറി, ജനറേറ്റര്‍ മുറി, വാട്ടര്‍ ടാങ്കുകള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവ തുരങ്കത്തിലുണ്ടായിരുന്നുവെന്നാണ് ഇസ്രേയല്‍ ആരോപിച്ചത്.

അതേസമയം ലെബനനില്‍ പേജര്‍ ആക്രമണം നടത്താന്‍ താന്‍ അനുവാദം നല്‍കുകയായിരുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പേജര്‍-വോക്കി ടോക്കി ആക്രമണങ്ങളുടെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുത്തത്.

'പേജര്‍ ഓപ്പറേഷനും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റല്ലയുടെ കൊലപാതകവും പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ തലത്തില്‍ ഉത്തരവാദികളായവരുടെയും എതിര്‍പ്പ് അവഗണിച്ച് തീരുമാനിച്ചതാണ്', അടുത്തിടെ പുറത്താക്കപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റിനെ വിമര്‍ശിച്ചു കൊണ്ട് നെതന്യാഹു പറഞ്ഞു.

സെപ്റ്റംബര്‍ 17, 18 തീയതികളിലായിരുന്നു ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ പേജര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏകദേശം 40ഓളം പേര്‍ കൊല്ലപ്പെടുകയും 3000ത്തോളം ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി അംഗങ്ങളുടെ കാഴ്ച ശക്തിയും വിരലുകളും നഷ്ടപ്പെട്ടിരുന്നു.

Content Highlights: Footage From Hezbollah Tunnel Under Cemetery by Israel Military

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us