25ന് മുമ്പ് വിവാഹിതരാകണം, 30തിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യണം; വിചിത്ര നിർദേശവുമായി ജപ്പാൻ പാർലമെൻ്റ് അംഗം

18 വയസ് മുതല്‍ സ്ത്രീകള്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നയോകി ഹ്യകുത

dot image

ടോക്യോ: 30 വയസിന് ശേഷം സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന ജപ്പാന്‍ പാര്‍ലമെന്റ് അംഗത്തിന്റെ പരാമര്‍ശം വിവാദത്തില്‍. ജപ്പാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് നയോകി ഹ്യകുതയാണ് വിവാദ പരാമര്‍ശം നടത്തിയത്. ജപ്പാനില്‍ പ്രായമേറിയവരുടെ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹ്യകുത യൂട്യൂബ് വീഡിയോയിലൂടെ പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയത്.

വീഡിയോയില്‍ രാജ്യത്തെ ജനനിരക്ക് വര്‍ധിപ്പിക്കാനുള്ള ഘടകങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. 25 വയസിന് ശേഷം വിവാഹിതരാകരുതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഈ തീരുമാനം കുട്ടികള്‍ക്ക് പെട്ടെന്ന് ജന്മം നല്‍കാന്‍ സ്ത്രീകളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും അതിലൂടെ ജനനിരക്ക് വര്‍ധിപ്പിക്കാമെന്നുമാണ് ഹ്യകുതയുടെ നിര്‍ദേശം. 18 വയസ് മുതല്‍ സ്ത്രീകള്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന് മുതിരാതെ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഹ്യകുതയുടെ പരാമര്‍ശത്തിനെതിരെ രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരാമര്‍ശത്തില്‍ ഹ്യകുത മാപ്പ് പറഞ്ഞു. ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് വേണ്ടി സയന്‍സ് ഫിക്ഷന്‍ സ്റ്റോറിലൈന്‍ എന്ന നിലയിലാണ് താന്‍ പരാമര്‍ശം നടത്തിയതെന്നാണ് മാപ്പ് പ്രസ്താവനയില്‍ ഹ്യകുത വ്യക്തമാക്കിയത്. തന്റെ പരാമര്‍ശം കടുത്തതാണെന്ന് സമ്മതിച്ച അദ്ദേഹം സാമൂഹിക ഘടനയെ പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടി എന്തെങ്കിലും തീരുമാനിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷമായി ജപ്പാനിലെ ജനനനിരക്കില്‍ ഗണ്യമായ കുറവാണ് കാണാന്‍ സാധിക്കുന്നത്. പ്രായമേറിയവരുടെ ജനസംഖ്യയില്‍ വര്‍ധനവുണ്ടാകുന്നതും തൊഴില്‍ ശക്തി കൂടുന്നതും രാജ്യത്ത് വെല്ലുവിളിയുണ്ടാക്കുകയാണ്. ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ 3,50,074 ജനനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായ ജനനനിരക്കിനേക്കാള്‍ 5.7 ശതമാനം കുറവാണ് ഇത്തവണ കാണിക്കുന്നത്.

Content Highlights: Japan Lawmakers statement about marriage gone controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us