ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളി.
ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യനാണ് ചരിത്രം കുറിച്ചത്. യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ് ബിജോയ്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർസിഎൻ. യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം പിന്തുണച്ചതോടെയാണ് ബിജോയ്ക്ക് ഉജ്വല വിജയം നേടാനായത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ സാന്നിധ്യം ഇനിമുതൽ സഹായകരമാകും.
5483 വോട്ടുകളാണ് ബിജോയ് സെബാസ്റ്റ്യൻ നേടിയത്. പ്രൊഫ. അലിസൺ ലിയറി ഡെപ്യൂട്ടി പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഒക്ടോബർ 14-ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11-നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി.
കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കൽ കോളജിലാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. ഇവിടെത്തന്നെ ഒരുവർഷത്തെ സേവനത്തിന് ശേഷം 2011-ലാണ് ബാൻഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി.
2015-ൽ ബാൻഡ്-6 നഴ്സായും 2016-ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021-ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012-ൽ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേലാണ് മകൻ.
Content Highlights: Bijoy Sebastian Becomes First Malayalee President of Royal College of Nursing