ടെല്‍ അവീവ്: ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം. തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഇസ്രയേലിന്റെ സൈനിക ആസ്ഥാനത്തെയും പ്രതിരോധ മന്ത്രാലയത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഹിസ്ബുള്ളയുടെ വാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്. രണ്ട് ഡ്രോണുകളും 40 പ്രൊജക്ടൈലുകളും നേരിട്ടതായി ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഹൈഫ നഗരത്തിലേക്കും ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ബുധനാഴ്ച ഗസയില്‍ 46 പേരും ലെബനനില്‍ 33 പേരും കൊല്ലപ്പെട്ടു. വടക്കന്‍ ഗസയിലെ ബൈത് ഹനൂനിലെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. മുവാസിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗസയിലെ ജബലിയയില്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്രയേല്‍ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇവിടെ ജനവാസം ഇല്ലാതാക്കാനുള്ള നീക്കമാണെന്ന ആശങ്കയിലാണ് പലസ്തീനുകാര്‍. വീടുകളില്‍ നിന്നും ഷെല്‍ട്ടറുകളില്‍ നിന്നും ആളുകളെ സൈന്യം പുറത്താക്കുകയാണ്.
ലെബനനില്‍ ബെയ്‌റൂട്ടിന് സമീപം അപ്പാര്‍ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. മധ്യ ലബനനില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Hezbollah attacks Israel’s defence headquarters with explosive drones, no deaths reported