കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഇടത് സഖ്യത്തിന് മിന്നും ജയം. ഇന്ന് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയ(എസ്‌ജെബി)യേക്കാള്‍ 62 ശതമാനം വോട്ട് നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പകുതി ഫലത്തില്‍ തന്നെ കാര്യമായ മുന്‍തൂക്കം എന്‍പിപി നേടുകയായിരുന്നു.
225 അംഗ പാര്‍ലമെന്റില്‍ 137 സീറ്റുകളാണ് എന്‍പിപി നേടിയിരിക്കുന്നത്. പ്രാദേശിക സമയം 11.30 വരെയുള്ള കണക്കുകള്‍ പ്രകാരം ബാക്കിയുള്ള 22 ജില്ലകളില്‍ ഒന്നിലൊഴികെ ബാക്കിയുള്ളയിടത്തെല്ലാം എന്‍പിപിയാണ് മുന്നില്‍. മുന്‍ പ്രസിഡന്റ് റാണാസിങ്ങേ പ്രേമദാസയുടെ മകന്‍ സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്.
തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറ് സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്ന് സീറ്റുകളും, ശ്രീലങ്ക പൊതുജന പെരമുന രണ്ട് സീറ്റുകളും നേടി.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനേക്കാള്‍ കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ദിസനായകെയ്ക്ക് 42 ശതമാനം വോട്ടുകളാണ് നേടാനായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന അതിശക്തമായ ജനകീയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2024 സെപ്തംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും അനുര കുമാര ദിസനായകെ അധികാരത്തില്‍ എത്തിയതും.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 സെപ്തംബര്‍ 24ന് ദിസനായകെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാജപക്സെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാര്‍ലമെന്റില്‍ 145 സീറ്റുകളുണ്ടായിരുന്നു. എസ്ജെബിക്ക് 54 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഐടിഎകെയ്ക്ക് 10 സീറ്റുകളും ഉണ്ടായിരുന്നു. ദിസനായകയുടെ എന്‍പിപിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ള 13 സീറ്റുകള്‍ മറ്റ് ചെറിയ പാര്‍ട്ടികളുടേതായിരുന്നു.
Content Highlights: Anura Kumara Dissanayake s party won in Sri Lanka parliament election