ടെഹ്റാന്‍: ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്ക് തുറക്കാനുള്ള പദ്ധതിയുമായി ഇറാൻ. 'ഹിജാബ് റിമൂവൽ ട്രീറ്റ്‌മെൻ്റ് ക്ലിനിക്ക്' എന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. വനിതാ കുടുംബ വിഭാഗം മേധാവിയായ മെഹ്രി തലേബി ദരസ്താനിയാണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഹിജാബ് ധരിക്കാത്തവർക്കുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്ക് വാഗ്ദാനം ചെയ്യുമെന്ന് ദാരെസ്താനി പറഞ്ഞു. പദ്ധതിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഹിജാബ് നിയമങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ചികിത്സിക്കാനുള്ള ക്ലിനിക്ക് എന്നത് ഇസ്ലാമിക ആശയമല്ലെന്നും അത് ഇറാനിലെ നിയമങ്ങളെ അടിസ്ഥാനമാക്കിയല്ലെന്നും മനുഷ്യാവകാശപ്രവർത്തകർ പ്രതികരിച്ചു.
സ്ത്രീ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ക്ലിനിക്കുകൾ തകർക്കുമെന്നും തടങ്കൽ കേന്ദ്രമായി ക്ലിനിക്ക് പ്രവർത്തിക്കുമെന്നും പലരും ഭയപ്പെടുന്നുണ്ട്. 'ഇതൊരു ക്ലിനിക്കല്ല, ജയിലായിരിക്കും', ഒരു ഇറാനിയൻ യുവതിയെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
ഹിജാബ് നിയമങ്ങൾക്കെതിരായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് ഒരു വിദ്യാർത്ഥിയെ തടഞ്ഞുവെക്കുകയും മാനസികരോഗാശുപത്രിയിലേക്ക് മാറ്റുകയുടെ ചെയ്തു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്. ആംനസ്റ്റി ഇൻ്റർനാഷണൽ ഉൾപ്പടെയുള്ള മനുഷ്യാവകാശ സംഘടനകൾ ഇതുസംബന്ധിച്ച് ആശങ്കക പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights: Iran plans to open ‘treatment clinic’ for women who defy hijab laws