നരേന്ദ്ര മോദിക്ക് നൈജീരിയയിൽ ആചാരപരമായ സ്വീകരണം; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി

നൈജീരിയയിൽ എത്തിയതിന് പിന്നാലെ ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി നൈജീരിയൻ പ്രസിഡൻ്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി എക്സ് പോസ്റ്റും പങ്കുവെച്ചു

dot image

അബുജ: അഞ്ച് ദിവസത്തെ വിദേശ സന്ദ‍ർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയിൽ ഊഷ്മള സ്വീകരണം. തലസ്ഥാനമായ അബുജയിൽ മോദിയെ നൈജീരിയയുടെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറിയുടെ മന്ത്രി നൈസോം എസെൻവോ വൈക്ക് ആചാരപരമായി സ്വീകരിച്ചു, അബുജയുടെ പ്രതീകാത്മക താക്കോൽ വൈക്ക് മോദിക്ക് സമ്മാനിച്ചു. കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്.

നൈജീരിയയിൽ എത്തിയതിന് പിന്നാലെ ഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി നൈജീരിയൻ പ്രസിഡൻ്റിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി എക്സ് പോസ്റ്റും പങ്കുവെച്ചു. നരേന്ദ്ര മോദിയുടെ സന്ദർശനത്തെ സ്വാ​ഗതം ചെയ്ത് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബു പങ്കുവെച്ച എക്സ് പോസ്റ്റിന് മറുപടിയായിട്ടായിരുന്നു നരേന്ദ്ര മോദി നന്ദി അറിയിച്ചത്.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ നൈജീരിയ സന്ദർശനത്തെ സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 2007 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് നടത്തുന്ന ആദ്യ സന്ദർശനം കൂടിയാണിത്. ഞങ്ങളുടെ ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാനും നിർണായക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും ശ്രമിക്കും.
നൈജീരിയയിലേക്ക് സ്വാഗതം' എന്നായിരുന്നു നൈജീരിയൻ പ്രസിഡൻ്റിൻ്റെ എക്സ് പോസ്റ്റ്.

ഇരു രാജ്യങ്ങളും തമ്മിൽ ഊർജ, പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള ച‍ർച്ചകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇരു രാജ്യങ്ങളും വിവിധ കരാറുകളിലും ഒപ്പിടും. നൈജിരിയ സന്ദർശനത്തിന് പിന്നാലെ നരേന്ദ്ര മോദി ബ്രസീലിലെത്തും. അവിടെ നടക്കുന്ന ജി-20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയ്ൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും ബ്രസീലിലേക്കുള്ള മോദിയുടെ മൂന്നാമത്തെ ഔദ്യോഗിക യാത്രയാണ് ഇത്.

ഈ മാസം 19 ന് നരേന്ദ്ര മോദി ഗയാനയിലെത്തും. ഗയാനയിലെ കരീബിയിൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. 1968ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ സന്ദർശനത്തിനെത്തുന്നത്.

Content Highlight: Prime Minister Narendra Modi arrived in Abuja, Nigeria

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us