മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നു; അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം അധികശിക്ഷയും വിധിച്ച് യുഎസ് കോടതി

ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിക്കെതിരെയാണ് ശിക്ഷ വിധിച്ചത്

dot image

അറ്റ്‌ലാൻ്റ: സ്വന്തം മക്കളെ അടുപ്പിലിട്ട് പൊള്ളിച്ച് കൊന്നതിന് അമ്മയ്ക്ക് ജീവപര്യന്തവും 35 വർഷം അധികശിക്ഷയും വിധിച്ച് യുഎസ് കോടതി. ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഇതിനിടെ യുവതിക്ക് പരോൾ അനുവദിക്കില്ല. ഒന്നും രണ്ടും വയസ്സുള്ള ജാ കാർട്ടർ, കെ യുന്റെ എന്നീ ആൺമക്കളെയാണ് ലാമോറ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവശേഷം പൊലീസിനെ വിളിച്ച് തെറ്റിദ്ധരിപ്പിച്ച് കുറ്റം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

14 കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, യുവതി ഇതുവരെ കുറ്റം സമ്മതിക്കാൻ തയ്യാറായിട്ടില്ല. 2017 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പരിചാരികയ്‌ക്കൊപ്പം നിർത്തിപ്പോയ തൻ്റെ രണ്ട് മക്കൾ മരിച്ചെന്ന് 911 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ച് ലാമോറ അറിയിക്കുകയായിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂട്ടർമാരും സംഭവം കൊലപാതകമാണെന്ന് തെളിയിച്ചു.

'ഞാൻ വീട്ടിലെത്തിയപ്പോൾ മക്കൾ രണ്ടുപേരും നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. എന്റെ മൂത്ത മകന്റെ തലയിൽ സ്റ്റൗ കിടക്കുന്നുണ്ടായിരുന്നു. ഇളയമകന്റെ തലച്ചോറ് പുറത്തുവന്ന നിലയിലുമായിരുന്നു. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. ജോലികഴിഞ്ഞ് ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. ഇതെന്റെ തെറ്റല്ല. ദയവുചെയ്ത് സഹായിക്കണം', എന്നായിരുന്നു ലാമോറ വിളിച്ചുപറഞ്ഞത്.

സംഭവസമയത്തുതന്നെ കുട്ടികളുടെ പിതാവും 911 നമ്പറിലേക്ക് വിളിച്ച് മക്കൾ മരിച്ച കാര്യം പറഞ്ഞു.

ഭാര്യ വീഡിയോ കോൾ ചെയ്തിരുന്നെന്നും അപ്പാർട്ട്‌മെന്റിൽ രണ്ടുപേരും മരിച്ചുകിടക്കുന്നതായി ദൃശ്യങ്ങളിൽ കണ്ടെന്നുമാണ് ഭർത്താവ് വിളിച്ചറിയിച്ചത്. ഇതോടെ പൊലീസെത്തി അന്വേഷിച്ചപ്പോൾ സംഭവം സത്യമാണെന്ന് ബോധ്യമാവുകയായിരുന്നു. രണ്ടുപേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതാടെയാണ് സംഭവത്തിൻറെ ചുരുളഴിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്നതിന്റെ തെളിവു ലഭിച്ചു. തല അടുപ്പിനകത്തേക്ക് വെച്ചതിനെത്തുടർന്നാണ് മരണമെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ അറ്റ്‌ലാന്റ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: US Woman Sentenced to Life For Killing Sons By Placing Them In Oven

dot image
To advertise here,contact us
dot image