'ലോകം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയത്ത് ഇതാ അവള്‍ തിരിച്ചെത്തിയിരിക്കുന്നു'. ചൈനീസ് വ്‌ളോഗര്‍ ലി സിക്കി ആരാധര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണിത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ യൂട്യൂബ് ചാനലില്‍ സജീവമായിരിക്കുകയാണ് ലി സിക്കിയും മുത്തശ്ശിയും.
രണ്ടാഴ്ച്ച മുമ്പാണ് തന്റെ തിരിച്ചുവരവ് അറിയിച്ച് ലി ആദ്യ വീഡിയോ പങ്കുവെച്ചത്. ഇത്രയും കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്ത കണ്ടന്റുമായാണ് ലിയുടെ തിരിച്ചുവരവ്. നിങ്ങള്‍ എവിടെയായിരുന്നു? കണ്ണു നിറയുന്നു, മുത്തശ്ശി ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ സന്തോഷമുണ്ട് തുടങ്ങി ലി സിക്കിയെ നെഞ്ചോട് ചേർക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.
തന്റെ മുത്തശ്ശിയുടെ പൊട്ടിയ വാഡ്രോബില്‍ ചെറിയ മേക്കോവര്‍ നടത്തുന്നതാണ് ലി യുടെ ആദ്യ വീഡിയോ. പരമ്പരാഗത ലാക്വറിംഗ് ടെക്‌നിക് ഉപയോഗിച്ച് വാര്‍ഡ്രോബ് നിര്‍മ്മിക്കുന്ന ആദ്യ വീഡിയോയ്ക്ക് തന്നെ 13 മില്ല്യണ്‍ വ്യൂവേഴ്സിനെ നല്‍കി വന്‍ സ്വീകരണമാണ് തിരിച്ചുവരവില്‍ ലി സിക്കിക്ക് നൽകിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം എവിടെയായിരുന്നുവെന്നാണ് ആരാധകരുടെ ചോദ്യം. നന്നായി ഉറങ്ങിയെന്നും മുത്തശ്ശിയുമായി യാത്രകളിലായിരുന്നുവെന്നും ലി സിക്കി മറുപടി നല്‍കുന്നു. ഇപ്പോള്‍ തന്റെ മുന്നിലൊരു വലിയ ലക്ഷ്യമുണ്ടെന്നും അതിനായി കഠിനമായി പരിശ്രമിക്കുമെന്നും അവര്‍ പറയുമ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ ആരാധാകരും കാത്തിരിപ്പിലാണ്.
വ്യത്യസ്തമായും മനോഹരമായും നിര്‍മ്മിച്ചെടുത്ത ഫുഡ് വ്ളോഗിലൂടെ ലി സിക്കി ഇതിനകം സമ്പാദിച്ചത് 20 മില്ല്യണിലധികം സബ്സ്‌ക്രൈബേസിനെയാണ്. സ്വന്തം കൃഷിഭൂമിയില്‍ പഴങ്ങളും പച്ചക്കറികളും വിളയിച്ചെടുക്കുന്നതിലെ താല്‍പര്യം, അവ ഉപയോഗിച്ച് തികച്ചും പരമ്പരാഗത ശൈലിയില്‍ നിര്‍മ്മിക്കുന്ന ഭക്ഷണം, അവയുടെ വീഡിയോ നിര്‍മ്മിച്ചെടുക്കുന്നതിലെ സൂഷ്മത, തന്റെ ചുറ്റുപാടുകള്‍ അതിസൂഷ്മം പകര്‍ത്തിയെടുക്കുന്നതിലെ മിടുക്ക് തുടങ്ങിയ കാര്യങ്ങളാണ് ലി സിക്കിയുടെ വീഡിയോയോട് കാഴ്ച്ചക്കാര്‍ക്കുള്ള കൗതുകം.
കൃത്യമായി വിശദീകരിച്ചാല്‍ തനിക്ക് വേണ്ടതെല്ലാം തന്റെ ചുറ്റുപാടില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന അസാമാന്യ സാമര്‍ത്ഥ്യമാണ് വീഡിയോയുടെ ഉള്ളടക്കം. 2019ല്‍ ചൈനയിലെ ഏറ്റവും മികച്ച 10 സ്ത്രീകളില്‍ ഒരാളായി ലി സിക്കി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്ന ലി സിക്കി പെട്ടെന്നായിരുന്നു അപ്രത്യക്ഷമാണ്. തന്റെ മാര്‍ക്കറ്റിംഗ് കമ്പനിയുമായി ലി സിക്കി തര്‍ക്കത്തിലായെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍.
ലിസിക്കി കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍സ് (Li's Sichuan Ziqi Cultural Communications) 2021 ഒക്ടോബര്‍ 25 ന് തന്റെ മാര്‍ക്കറ്റിംഗ് കമ്പനിയായ ഹാങ്സോ വെയ്നിയനിനെതിരേയും (Hangzhou Weinian) മേധാവി ലിയു ടോങ്മിംഗ് (Liu Tongming) നെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓഹരിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു പരാതി കൊടുക്കുന്നതിലേക്ക് എത്തിയത്. പിന്നാലെയാണ് വീഡിയോ നിര്‍മ്മാണം ലി സിക്കി നിര്‍ത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍.
അതേസമയം 'ലി സിക്കി' എന്ന യൂട്യൂബ് ചാനല്‍ ചൈനീസ് സര്‍ക്കാര്‍ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഉദ്യേശത്തോടുകൂടി വികസിപ്പിച്ചെടുത്താതാണെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. മാവോ സെതൂങ് കള്‍ച്ചറല്‍ റവല്യൂഷന്‍ (1966-1976) ആരംഭിച്ചപ്പോള്‍, 'May 7 Intsructions, എന്ന പേരില്‍ അദ്ദേഹം എഴുതിയ രേഖയില്‍ ഗ്രാമീണ സാംസ്‌കാരത്തിലൂന്നിയ ജീവിത ശൈലിയെക്കുറിച്ച് വിവരിക്കുന്നുണ്ടെന്നും മാവേ സേതൂങ്ങിന്റെ രാഷ്ട്രീയ അവകാശിയായ ഷി ജിൻപിങ് ലിസിക്കിയിലൂടെ ഇത് നടപ്പിലാക്കുകയാണെന്നുമായിരുന്നു ആരോപണം.
'ലി സിക്കിയുടെ വര്‍ക്കുകള്‍ പരിശോധിക്കുമ്പോള്‍ ആളുകള്‍ ആശ്ചര്യപ്പെടും. ആ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എത്ര പേരുടെ അധ്വാനമുണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു? വീഡിയോകള്‍ നിര്‍മ്മിക്കാന്‍ അവള്‍ക്ക് ആരാണ് മേക്കപ്പും സ്‌ക്രിപ്റ്റും മറ്റും നല്‍കിയത്?' അവളുടെ വീഡിയോകള്‍ കാണുമ്പോള്‍ മാവോ കാലഘട്ടത്തില്‍ നിന്നുള്ള ഈ ചിത്രം ഞങ്ങള്‍ കാണുന്നു. അത് മറയ്ക്കുക അസാധ്യമാണ്, കാരണം നാമെല്ലാവരും സാംസ്‌കാരിക വിപ്ലവത്താല്‍ പ്രതിരോധിക്കപ്പെട്ടവരാണ്, ഒരു ദിവസം ഇതെല്ലാം പുറത്ത് വന്നേക്കാം, എന്നാല്‍ ഇതെല്ലാം പൊതുസമൂഹത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതിനുള്ള ഒരു കവര്‍സ്റ്റോറിയായിരിക്കാം ഓഹരികേസ്. ആ യുദ്ധം തുടരുമ്പോള്‍ കൂടുതല്‍ അഴിമതികള്‍ ഉയര്‍ന്നുവന്നേക്കാമെന്നും' ആയിരുന്നു എന്ന് ലിയുടെ സോഷ്യൽ മീഡിയ തിരോധാനത്തിന് മുമ്പ് ചൈനീസ്-അമേരിക്കൻ ചരിത്രകാരനായ സോംഗ് യോങ്വി ആരോപിച്ചിരുന്നു.
Content Highlights: China's social media Influencer li ziqi Returns